മലയോരത്തെ കൃഷിഭൂമികൾ കാടുകയറുന്നു : കുടുംബങ്ങൾ കൂട്ടത്തോടെ മലയിറങ്ങുന്നു
1417149
Thursday, April 18, 2024 5:32 AM IST
കുറ്റ്യാടി: മലയോരത്തെ കൃഷിഭൂമികൾ കാടു കയറുകയാണ്..... ആറ് വർഷത്തിനുള്ളിൽ നൂറിലേറേ കുടുംബങ്ങളാണ് മലയോരത്തെ താമസം ഒഴിവാക്കി നാട്ടിൻ പുറങ്ങളിലേക്ക് മാറിയത്.
ഒട്ടുമിക്ക കൃഷിയിടങ്ങളും ഇപ്പോൾ കാട് കയറിയ നിലയിലാണ്. മലയോര കർഷകരിൽ നിന്ന് നാട്ടിൻ പുറങ്ങളിലേയും നഗരങ്ങളിലേയും പ്രവാസികൾ, ബിസിനസുകാർ തുടങ്ങിയവർ ഇടനിലക്കാർ വഴി ഭൂമി വാങ്ങിച്ചിടുകയാണ്. വാങ്ങിക്കുന്ന ഭൂമികൾ ആരും പരിപാലിക്കാതെ കിടക്കുകയാണ്. ഇതേ തുടർന്ന് കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ പഞ്ചായത്തുകളിലെ മലയോര ഭൂമികൾ വന്യമൃഗ താവളമായി മാറിയിരിക്കുകയാണ്.
വിറ്റുപോകാത്ത കർഷകർ കാട്ടുമൃഗശല്യം മൂലം കൃഷി നടത്താൻ കഴിയാത്ത സ്ഥിതിയാണ്. കിട്ടുന്ന വിലക്ക് സ്ഥലം വിറ്റുപോകാനാണ് പലരും നോക്കുന്നത്. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, രൂക്ഷമായ വന്യമൃഗശല്യം, പുതിയ തലമുറക്ക് കൃഷിയോടുണ്ടായ താൽപര്യ കുറവ്, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത ഇങ്ങനെ നിരവധി കാരണങ്ങളാണ് മലയോരം ഉപോക്ഷിക്കാൻ തദ്ദേശവാസികളെ പ്രേരിപ്പിക്കുന്നത്.
ഏക്കറിന് ഒരു ലക്ഷം രൂപ മുതൽ നാല് ലക്ഷം വരെ വിലക്ക് ഭൂമി വിൽക്കാൻ കർഷകർ തയാറാണ്. മുറ്റത്ത് പ്ലാവ്, വട്ടിപ്പന, കരിങ്ങാട്, പൂതം പാറ, പശുക്കടവ്, പൊയിലോംചാൽ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് ഭൂമിയാണ് ഇപ്പോൾ കാടുകയറിയിരിക്കുന്നത്.
കരിങ്കൽ ക്വാറി പ്രവർത്തിക്കുന്ന വട്ടിപ്പനയിൽ അമ്പതിനടുത്ത് വീട്ടുകാർ സ്ഥലം വിറ്റ് മറ്റു പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്.സ്വകാര്യ വ്യക്തികൾ വാങ്ങുന്ന മലയോര ഭൂമികൾ ഉടമസ്ഥർ തിരിഞ്ഞ് നോക്കാറ് പോലുമില്ല.
കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ താവളമാണ് ഇത്തരം പ്രദേശങ്ങൾ. സ്വകാര്യ വ്യക്തികൾ വാങ്ങിയ ഭൂമികളിലെ കാട് വെട്ടി തെളിയിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഈ നിലയിൽ തുടരുകയാണെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.