കാളങ്ങാലിയിൽ കർഷകരെ ആശങ്കയിലാക്കി വീണ്ടും കാട്ടാനകളിറങ്ങി
1375128
Saturday, December 2, 2023 1:00 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് രണ്ടാം വാർഡ് കാളങ്ങാലി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിൽ കർഷകരുടെ ഉറക്കം കെടുത്തിക്കൊണ്ട് വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ഒരാഴ്ച മുമ്പ് ഈ പ്രദേശത്ത് കാട്ടാനകളിറങ്ങി ഒട്ടേറെ കർഷകർക്ക് കൃഷി നാശം വരുത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനകൾ കൃഷി നശിപ്പിച്ചത്.
കർഷകരായ അഞ്ചാനിക്കൽ ബേബി, പടിക്കൽ അമ്മദ് എന്നിവരുടെ തെങ്ങ്, കമുക്, വാഴ, കൈതകൃഷി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കൂടാതെ കൃഷിയിടത്തിലെ കയ്യാലകളും നശിപ്പിച്ചിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാമിന്റെ ഈ പ്രദേശത്തുള്ള റിസർവോയർ നീന്തി കടന്നാണ് കാട്ടാനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയുടെ അതിർത്തിയിൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ച് കാട്ടാനകളുടെ കടന്നുകയറ്റം തടയണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വീട്ടുമുറ്റത്തുപോലും കാട്ടാനകൾ എത്തുന്നതിനാൽ ഏറെ ആശങ്കയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ശക്തമായി ആവശ്യം ഉയരുന്നത്. കൃഷി നാശം വിതച്ച സ്ഥലം പഞ്ചായത്ത് അംഗങ്ങളായ ഒ.കെ. അമ്മദ്, സണ്ണി പുതിയകുന്നേൽ, സിമിലി ബിജു, സിനി സിജോ, വിജയൻ കിഴക്കയിൽമീത്തൽ എന്നിവർ സന്ദർശിച്ചു.
‘കാട്ടാന ശല്യത്തിന്അടിയന്തിര നടപടി വേണം’
കൂരാച്ചുണ്ട്: പഞ്ചായത്തിലെ രണ്ടാം വാർഡിൽ തുടർച്ചയായി കാട്ടാനകൾ കൃഷി സ്ഥലങ്ങളിൽ ഇറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തടയാൻ അടിയന്തര നടപടി വേണമെന്ന് സ്ഥലം സന്ദർശിച്ച കർഷക സംഘം കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി ഭാരവാഹികൾ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
പേരാമ്പ്ര എസ്റ്റേറ്റ് ഭാഗത്ത് നിന്നാണ് കാട്ടാനകൾ പുഴ നീന്തി കൂരാച്ചുണ്ട് പഞ്ചായത്തിലെ റിസർവോയർ തീരപ്രദേശങ്ങളിൽ എത്തുന്നത്. ഒരാഴ്ചയായി ദിവസവും കാട്ടാനകൾ എത്തുന്നുണ്ട്.കർഷകർക്ക് ഉടനെ മതിയായ നഷ്ട പരിഹാരം നൽകണമെന്നും ആനകളെ തടയാൻ ഫെൻസിംഗ് സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ കാളങ്ങാലി, നരിനട പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും പ്രസിഡന്റ് ജോസ് ചെരിയൻ, സെക്രട്ടറി എൻ.കെ. കുഞ്ഞമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
സംഭവസ്ഥലം സന്ദർശിച്ച് വിഫാം ഭാരവാഹികൾ
കൂരാച്ചുണ്ട്: പഞ്ചായത്ത് രണ്ടാം വാർഡിൽ കാളങ്ങാലി ബണ്ടിനടുത്ത് കാട്ടാനകൂട്ടം വ്യാപകമായി നശിപ്പിച്ച കൃഷിയിടം കർഷക സംഘടനയായ വിഫാമിന്റെ ഭാരവാഹികൾ സന്ദർശിച്ചു.
കൃഷി ഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ നിയമ പരിരക്ഷ നിയമം മൂലം ഇല്ലാതാക്കണമെന്നും, കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച വിഫാമിന്റെ ഭാരവാഹികളായ തോമസ് വെളിയംകുളം, ജോസ് ചെറുവള്ളി, സണ്ണി പാരഡൈസ്, തോമസ് പോക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു.