പാതിവഴിയിൽ മുടങ്ങി കക്കയം-മുതുകാട്-പെരുവണ്ണാമൂഴി റോഡ് നിർമാണം
1337252
Thursday, September 21, 2023 7:44 AM IST
കൂരാച്ചുണ്ട്: മലബാറിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കക്കയം, പെരുവണ്ണാമൂഴി എന്നീ കേന്ദ്രങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കക്കയം - മുതുകാട് - പെരുവണ്ണാമൂഴി റോഡിന്റെ നിർമാണം പൂർത്തീകരിക്കാൻ നടപടിയാകണമെന്ന് ആവശ്യം ശക്തമാകുന്നു.
1992-ൽ കക്കയത്തു നിന്നും മുതുകാടിനുള്ള ഒൻപത് കി.മീ ദൂരം വരുന്ന റോഡിന്റെ 3.5 കി.മീ ദൂരം നാട്ടുകാർ ശ്രമദാനമായി നിർമിക്കുകയും ഈ റോഡ് 1993-ൽ ജലസേചനവകുപ്പ് ഏറ്റെടുത്ത് റോഡിന്റെ വിപുലീകരണത്തിനായി ടെൻഡർ ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ റോഡ് കടന്നു പോകുന്ന വനം വകുപ്പിന്റെ അധീനതയിലുള്ള മേഖലയിലെ 350 മീറ്റർ ദൂരത്തിൽ റോഡിന് അനുമതി ലഭിക്കാതെ വന്നതാണ് റോഡിന്റെ നിർമാണം നിലക്കാൻ കാരണമായത്. കക്കയം കെഎസ്ഇബി ഡിവിഷൻ ഓഫീസ് വരെ രേഖാമൂലം റോഡിന് അനുമതിയുണ്ട്. കൂടാതെ വനത്തിലൂടെ കൂപ്പ് റോഡുമുണ്ട്. ഇതുവഴി പ്ലാന്റേഷൻ കോർപറേഷൻ റോഡിലൂടെ മുതുകാട് വഴി പെരുവണ്ണാമൂഴി എത്തിച്ചേരും. റോഡ് പൂർത്തീകരിച്ചാൽ ഡാം റിസർവോയർ തീരത്തുകൂടി വിനോദ സഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ കഴിയും.
കൂടാതെ കക്കയം, മുതുകാട് പ്രദേശവാസികളുടെ ചിരകാല അഭിലാഷവുമാണ് ഈ റോഡ്. അപകട സാധ്യതകൾ ഏറിയ കക്കയത്തേക്ക് ഫയർഫോഴ്സ്, മറ്റ് സേനകൾ എന്നിവ പേരാമ്പ്രയിൽ നിന്നും വേഗത്തിൽ കക്കയത്ത് എത്തിച്ചേരാനും സാധിക്കുമെന്നതും ഏറെ പ്രത്യേകതയാണ്.
പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനായി റോഡ് യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് മാനസ കക്കയം പ്രവർത്തക സമിതി യോഗം പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. തോമസ് വെളിയംകുളം, സുനിൽ പാറപ്പുറത്ത്, തോമസ് പോക്കാട്ട്, രാജേഷ് കക്കയം എന്നിവർ പ്രസംഗിച്ചു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.