നിപ: ഉന്തുവണ്ടി കച്ചവടം നിലച്ചതോടെ തൊഴിലാളികള്‍ക്ക് ദുരിതം
1336757
Tuesday, September 19, 2023 7:49 AM IST
കോഴിക്കോട്: നിപ വന്നതോടെ ഉന്തുവണ്ടികള്‍ വിശ്രമത്തിലായി. നുറുകണക്കിനു തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയും. നിപയെത്തിയതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഉന്തുവണ്ടി കച്ചവടത്തിന് താഴിട്ടത്.
ഇതോടെ ബീച്ചില്‍ ഉന്തുവണ്ടി കച്ചവടം നടത്തിയ നിരവധി ആളുകള്‍ ദുരിതത്തിലായി. ആദ്യം നിപയും പിന്നെ കോവിഡും തളര്‍ത്തിയ കാലത്തിനു ശേഷം വീണ്ടും കരകയറുകയായിരുന്നു മേഖല. അതിനിടയിലാണ് കരിനിഴല്‍ വീഴ്ത്തി വീണ്ടും നിപയെത്തിയത്.
ജീവിത പരീക്ഷണങ്ങളെ ഉന്തുവണ്ടിയില്‍ തള്ളി നീക്കി മുന്നോട്ട് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി തിരിച്ചടിയുണ്ടായത്. കടല്‍ക്കാറ്റേറ്റ് ഉപ്പിലിട്ടത് നുണയാന്‍ കൊതിച്ചവര്‍ക്കായി ഒരുക്കിയവ ഭരണികളില്‍ തന്നെ നിറഞ്ഞിരിക്കയാണ്. ഐസ് ഉരതിയും ഉപ്പിലിട്ട മാങ്ങയും പേരക്കയും തുടങ്ങി ചായ വില്‍ക്കുന്നവരടക്കം ബീച്ചിലെ രുചികളുടെ കലവറ ഒരുക്കിയവര്‍ക്ക് ഇന്ന് ഉപജീവനമില്ലാതായി. ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തെന്ന വാര്‍ത്ത വന്നതോടെ തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞിരുന്നു.
പിന്നീട് ആള്‍ക്കൂട്ട നിയന്ത്രണവും എത്തിയതോടെ ബീച്ചിലെ സന്ദര്‍ശകര്‍ക്ക് വിലക്ക് വീണു. ഇതോടെയാണ് ഉന്തുവണ്ടി കച്ചവടത്തിനും താല്‍ക്കാലിക പൂട്ടു വീണത്. ഇനി എങ്ങനെ മുന്നോട്ട് പോകുകമെന്ന ആശങ്കയിലാണിവര്‍.
ആളുകളില്ലാതെ കടകള്‍ തുറന്ന് വച്ചാല്‍ ഭീമമായ നഷ്ടമാണെന്ന് ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാരനായ സൈനുദ്ദീന്‍ പറഞ്ഞു. തൊഴിലാളികളുടെ കൂലിയും, പാചക വാതക വില വര്‍ധനവും, സാധനങ്ങളുടെ വില വര്‍ധിച്ചതുമെല്ലാം കാരണം കച്ചവടം നടന്നില്ലെങ്കില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കുക.
അതിനാല്‍ നിയന്ത്രണം ഒഴിയാതെ കടകള്‍ തുറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. കോവിഡിന്റെ ആദ്യഘട്ടത്തില്‍ നീണ്ട നാള് ബീച്ച് അടിച്ചിരുന്നു. പിന്നീട് ഇടവേളയ്ക്ക് ശേഷം ബീച്ച് തുറന്നതോടെയാണ് ഇവര്‍ കച്ചവടം പുനരാരംഭിച്ചത്. കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് ഇരട്ട പ്രഹരവുമായി നിപ വീണ്ടുമെത്തിയത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളം അടഞ്ഞു കിടന്നപ്പോള്‍ പലരും മറ്റ് തൊഴില്‍ തേടി പോയിരുന്നു. കച്ചവടം ലഭിച്ചിരുന്ന മികച്ച എല്ലാ സീസണും കോവിഡ് തട്ടിയെടുക്കുകയും ചെയ്തു. മാസങ്ങളോളം അനക്കമില്ലാതായതോടെ ഉന്തുവണ്ടികളില്‍ പലതും തുരുമ്പെടുത്തു നശിക്കുകയും പൊളിഞ്ഞു വീഴുകയും ചെയ്തു.
വലിയൊരു തുക തന്നെ ചെലവഴിച്ച് ഇതെല്ലാം പെയിന്റടിച്ച് പുതുക്കിയെടുത്ത് കച്ചവടം വീണ്ടും തുടങ്ങിയത്. കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തുമാണ് ഈ സാഹചര്യത്തെ തരണം ചെയ്തത്. ഈ കടങ്ങള്‍ പതിയെ പതിയെ തീര്‍ത്തു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി നിപ ഭീതിയും വന്നെത്തിയത്.