പരപ്പന്‍പാറ പാലം അപകടാവസ്ഥയില്‍; പുതുക്കി പണിയണമെന്ന ആവശ്യം ശക്തം
1300218
Monday, June 5, 2023 12:17 AM IST
താമരശേരി: പുതുപ്പാടി -കട്ടിപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ- പരപ്പന്‍പാറ പാലം കൈവരി തകര്‍ന്ന് പൂര്‍ണമായും അപകടാവസ്ഥയില്‍. ബ്രിട്ടീഷുകാരുടെ കാലത്ത് കമ്പനി പണിത സിമന്റ് കാലിന് മുമ്പ് മരപ്പാലമായിരുന്നു ഇവിടെയുണ്ടായിരുന്നത്.
അത് പിന്നീട് 1970-71 കോണ്‍ഗ്രീറ്റ് ചെയ്തു. 52 വര്‍ഷം പഴക്കമുള്ള പാലമാണിത്. ഒരു വാഹനത്തിന് മാത്രം കടന്ന് പോകാനുള്ള വീതിയാണുള്ളത്. അതും ഇരുഭാഗം കൈവരികള്‍ ദ്രവിച്ച് അപകടാവസ്ഥയിലാണ്. പാലത്തിന്റെ ഒരു ഭാഗം കൈവരി വാഹനം ഇടിച്ച് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സ്കൂള്‍ തുറന്നതോടെ ദിവസവും തൊട്ടടുത്ത സ്കൂളിലേക്ക് നൂറുകണക്കിന് കുട്ടികളാണ് പാലം വഴി നടന്നു പോകുന്നത്. വാഹനങ്ങള്‍ക്ക് സൈഡ് നല്കി മാറി നില്ക്കാന് കഴിയാത്ത അവസ്ഥയായതോടെ കുട്ടികള്‍ ഭയപ്പാടിലാണ്. ഈ പാലം എത്രയും വേഗം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.സുനീര്‍ നിവേദനം നല്‍കിയിട്ടുണ്ട്. അപകടാവസ്ഥ സംബന്ധിച്ച് പുതുപ്പാടി പഞ്ചായത്ത് ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യുകയും താത്കാലികമായി അപകടാവസ്ഥ പരിഹരിക്കുന്നതിന്ന് എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്തു അസി. എന്‍ജിനീയറെ ചുമതലപെടുത്തിയിട്ടുണ്ടെന്ന് ഭരണസമിതി പറയുന്നു.