താമരശേരി: പൊതു വിപണിയില് നാളികേരത്തിന്റെ വില ദിവസംതോറും കുറയുന്നതിനാല് കര്ഷകര് ഏറെ ദുരിതത്തിലായി.
നാളികേരം വിറ്റ് കിട്ടുന്ന തുക കൊണ്ട് തെങ്ങ് കയറ്റക്കൂലി, തേങ്ങ പൊളിക്കുന്ന കൂലി, വാഹനത്തില് മാര്ക്കറ്റലെത്തിക്കുന്ന ചെലവുകളും കൊടുത്ത് ബാക്കി ഒന്നും മിച്ചം കിട്ടാത്ത അവസ്ഥയിലാണ് നാളികേര കര്ഷകര്.
ബാങ്കുകളില് നിന്ന് വായ്പ വാങ്ങി കൃഷി ചെയ്യുന്ന കര്ഷകര്ക്ക് വായ്പ മടക്കി അടയ്ക്കാന് പോലും സാധിക്കുന്നില്ല. വനത്തോടടുത്ത പ്രദേശങ്ങളില് കുരങ്ങന്ന്മാരുടെ ശല്യവും കൂടിയായതോടെ തെങ്ങില് നിന്ന് ഒന്നും കാര്യമായി ലഭിക്കുന്നുമില്ല. കരിക്കു പരുവമാകുന്നതിനുമുമ്പ് കുരങ്ങുകള് മുഴുവന് പറിച്ചെറിയും. ഇതിനിടെ കാട്ടുപന്നികള് ഇടവിളകൃഷികള് നശിപ്പിക്കുന്നത് കര്ഷകരെ ആകെ വലയ്ക്കുന്നു.
പൊതു വിപണിയില് ഒരു കിലോയ്ക്ക് 40,42 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോള് 21, 22 രൂപ വരെയാണ് ലഭിക്കുന്നത്. കൃഷിഭവന് നാളികേരം 32 രൂപയക്ക് എടുക്കുന്നുണ്ട്. എന്നാല് ഒരു കൃഷിക്കാരനില് നിന്ന് ഒരു ഇടീലിന് 40 തെങ്ങിന് 650 തേങ്ങ എന്ന രീതിയിലാണ് ശേഖരിക്കുന്നത്. പൈസ കിട്ടാന് പലപ്പോഴും ഒരുമാസത്തിലധികം കാത്തിരിക്കേണ്ട സ്ഥിതിയുമാണ്. കൂലിച്ചിലവും നാളികേരത്തിന്റെ എണ്ണക്കുറവും മൂലം കര്ഷകരിലധികവും മൂന്ന് മാസം കൂടുമ്പോഴാണ് നാളികേരം പറിക്കുന്നത്. ഇത് മുഴുവനും കൃഷി വകുപ്പ് എടുക്കാതെ വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രത്യേക സാഹചര്യത്തില് കര്ഷകരെ സഹായിക്കാനുള്ള മറ്റ് പദ്ധതികള് കൃഷി വകുപ്പ് ഏര്പ്പെടുത്തണമെന്നാണ് കട്ടിപ്പാറ സംയുക്ത കര്ഷക കൂട്ടായ്മ ചെയര്മാന് കെ.വി.സെബാസ്റ്റ്യന് പറയുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നാളികേരമുള്പ്പെടെ കാര്ഷിക വിളകളുടെ വിലക്കുറവു കൂടിയായതോടെ കൃഷിയില് മാത്രം ആശ്രയിച്ചുകഴിയുന്ന കര്ഷകര് കടുത്ത ദുരിതത്തിലാണ്.