റോഡിന്റെ തിണ്ടിൽ വളർന്ന മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു
1246142
Tuesday, December 6, 2022 12:08 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചെമ്പനോട പിഡബ്ല്യൂഡി റോഡിൽ തിണ്ടിന് മുകളിൽ വളർന്ന മരം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നതായി ആക്ഷേപം. ഈ റോഡിലെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിലായി റോഡരികിലെ ഉയർന്ന തിണ്ടിന് മുകളിലാണ് മരം വളർന്നത്.
പഴക്കമുള്ള മരത്തിന്റെ ചുവട് ഭാഗത്തെ മണ്ണ് ഇടിഞ്ഞ് പോയതിനാൽ മരങ്ങൾ അപകടകരമായ നിലയിലാണ്. കൂടാതെ ഇതിന് സമീപമുള്ള കൃഷി വിജ്ഞാൻ കേന്ദ്രത്തിന് സമീപത്തും ഇത്തരത്തിൽ തിണ്ടിന് മുകളിൽ അപകടകരമായി മരങ്ങൾ നിൽക്കുന്നുണ്ട്. തിരക്കേറിയ ഇതുവഴി പൂഴിത്തോട്, മുള്ളൻകുന്ന് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് സർവീസ് നടത്തുന്ന ബസുകളും ഒട്ടനവധി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. യാത്രക്കാർക്ക് ഭീഷണിയായി തീർന്ന മരങ്ങൾ മുറിച്ച് നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.