കിഴക്കേതിൽ ഹഫ്സത്തിന്റെ ദുരൂഹ മരണം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
1225688
Wednesday, September 28, 2022 11:49 PM IST
കോടഞ്ചേരി: മുറമ്പാത്തി കിഴക്കേതിൽ ഹഫ്സത്ത് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് സംബന്ധിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. രണ്ട് വർഷം മുൻപ് വിവാഹിതയായ യുവതി 2022 ജൂൺ 20 ന് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഭർതൃവീട്ടിൽ യുവതിക്ക് നിരന്തര പീഡനം സഹിക്കേണ്ടതായി വന്നിട്ടുണ്ട് എന്ന് യുവതിയുടെ വീട്ടുകാരും, ബന്ധുക്കളും പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചില്ല എന്നാണ് പോലീസ് പറയുന്നത്. കൂടാതെ കേസ് ഒത്തു തീർപ്പാക്കുന്നതിനായി മരണപ്പെട്ട യുവതിയുടെ പിതാവിൽ പോലീസ് സമ്മർദ്ദം ചെലുത്തുന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
ആക്ഷൻ കമ്മിറ്റിയുടെ രക്ഷാധികാരികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.