കരാറുകാരന് പിഴ ഒഴിവാക്കി നല്കിയ തീരുമാനം വിവാദത്തില്‍; ഉദ്യോഗസ്ഥനെ പഴിചാരി ഭരണപക്ഷം
1484004
Tuesday, December 3, 2024 4:57 AM IST
മഞ്ചേരി: കരാറുകാരന് പിഴ ഒഴിവാക്കി നല്കാന് കൗണ്‍സില്‍ തീരുമാനം വിവാദമായതോടെ നിര്‍വഹണ ഉദ്യോസ്ഥനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ മഞ്ചേരി നഗരസഭാ ഭരണപക്ഷം. കരാറുപ്രകാരമുള്ള സമയപരിധിയില്‍ പ്രവൃത്തി തീരാതെ വന്നതിനാലാണ് ഓഡിറ്റ് വകുപ്പ് പിഴ ചുമത്തിയത്. എന്നാല്‍ ഈ പിഴ ഒഴിവാക്കി നല്കാന് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. പിന്നീട് ഈ തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നത് നിര്‍വഹണ ഉദ്യോഗസ്ഥന് തെറ്റിധരിപ്പിച്ചത് മൂലമാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
കരാര്‍ പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിന് കരാറുകാരന് പിഴ ഈടാക്കാന്‍ ഓഡിറ്റ് വകുപ്പ് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി ഈ വിഷയം പരിഗണിച്ചു. പിഴ ഒഴിവാക്കാന്‍ അന്ന് മുഴുവന്‍ കൗണ്‍സിലര്‍മാരും ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. എന്നാല്‍ ഇതിന് കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എഴുതിയ കുറിപ്പാണ്. പിഴ ഒഴിവാക്കാന്‍ തീരുമനിച്ചതോടെ പൊതുജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അജണ്ടയുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതോടെ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും കൗണ്‍സിലിനെ തെറ്റിധരിപ്പിക്കുന്നതായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെയാണ് മുനിസിപ്പല്‍ ആക്ട് പ്രകാരം സ്പെഷല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിനെ തെറ്റിധരിപ്പിച്ച് കുറിപ്പ് തയാറാക്കിയ നിര്‍വഹണ ഉദ്യോഗസ്ഥനില്‍ നിന്ന് വിശദീകരണം തേടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ച് അധികൃതര്‍ കൈകഴുകുകയായിരുന്നു.
പ്രവൃത്തി സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് പറഞ്ഞ കാരണങ്ങളൊന്നും ഫയലില്‍ വ്യക്തമല്ല. ഇക്കാര്യം ഫയല്‍ പരിശോധിച്ചപ്പോഴാണ് മനസിലാകുന്നുത്. നഗരസഭയില്‍ യുഡിഎഫ് ഭരണസമിതി അഴിമതി നടത്തുന്നുവെന്ന് നിരന്തരം പറയുന്ന പ്രതിപക്ഷം അജണ്ടയെ എതിര്‍ക്കുകയാണ് ചെയ്തതെന്നും നഗരസഭക്ക് കിട്ടേണ്ട തുക കരാറുകാരനില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നും ചെയര്‍പേഴ്സൺ വി.എം. സുബൈദ, വൈസ് ചെയര്മാന് വി.പി. ഫിറോസ്, യുഡിഎഫ് നേതാക്കളായ കണ്ണിയന്‍ അബൂബക്കര്‍, കെ.കെ.ബി. മുഹമ്മദാലി, എ.എം. സൈതലവി എന്നിവര്‍ ആവശ്യപ്പെട്ടു.