സുരക്ഷാ സിഗ്നലുകൾ തകർത്തു; ആറുവരി ദേശീയപാതയിൽ യാത്രക്കാരുടെ നിയമലംഘനം
1576282
Wednesday, July 16, 2025 8:13 AM IST
തേഞ്ഞിപ്പലം: ആറുവരി ദേശീയപാതയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്രക്കാരുടെ നിയമലംഘനം. ഇരുചക്ര-മുചക്ര വാഹനങ്ങൾ, ട്രാക്ടർ എന്നിവ പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിട്ടും നിയന്ത്രണവും നിരോധനവും മറികടന്നാണ് പലരുടെയും യാത്ര.
ചേളാരി അടക്കമുള്ള മേഖലകളിൽ ദേശീയപാതയിൽ സ്ഥാപിച്ച നിയന്ത്രണ സംവിധാനങ്ങളും വാഹന യാത്രക്കാർ തകർത്തിട്ടുണ്ട്. സിഗ്നൽ സംവിധാനങ്ങളിലെ നിർദേശങ്ങൾ പാലിച്ചുള്ള യാത്ര ലംഘിക്കപ്പെടുന്പോൾ അപകട സാധ്യത കൂടുതലാണ്. ആറുവരി പാതയിലെ നിയന്ത്രണങ്ങൾ അറിയാതെ യാത്ര ചെയ്യുന്നവരാണ് നിയമങ്ങൾ ലംഘിക്കുന്നത്.
എന്നാൽ ദേശീയപാത പ്രവൃത്തി പൂർത്തിയാക്കി പൂർണമായും തുറന്നുകൊടുക്കുന്നതോടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചും പിഴ ചുമത്തിയും ഗതാഗത നിയമലംഘനങ്ങൾ തടയുമെന്നാണ് ദേശീയപാത അഖോറിറ്റി അധികൃതരും പോലീസും വ്യക്തമാക്കുന്നത്. അതേസമയം സർവീസ് റോഡുകളിൽ ഗതാഗതകുരുക്ക് തുടരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുകയാണ്.