മരം കടപുഴകി വീടിന് മുകളിൽ വീണു; ആദിവാസി കുടുംബം രക്ഷപ്പെട്ടു
1576283
Wednesday, July 16, 2025 8:13 AM IST
എടക്കര: വഴിക്കടവിൽ കൂറ്റൻ മരം കടപുഴകി വീടിന് മുകളിൽ വീണു. കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള ആദിവാസി കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചറായ പുഞ്ചക്കൊല്ലി നഗറിലെ പാലക്കടവ് കണ്ണന്റെ വീടിന് മുകളിലാണ് വൻ പുളിമരം കടപുഴകി വീണത്. ചൊവ്വാഴ്ച രാവിലെ ഒന്പതരയോടെയാണ് അപകടം.
മരം കടപുഴകി വീഴുന്ന സമയത്ത് കൈക്കുഞ്ഞടക്കം പത്തോളം പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. ശബ്ദം കേട്ട് കാരണവരായ കണ്ണൻ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയുമായി പുറത്തേക്ക് ഓടുകയായിരുന്നു.
വീടിന് സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീണ മരം സാവധാനം വീടിന് മുകളിലേക്ക് പതിച്ചതിനാൽ വൻദുരന്തം ഒഴിവായി. ഇവരുടെ വീടിനോട് ചേർന്ന് ചുവട് ഭാഗത്ത് നിന്ന് രണ്ടായി വളർന്ന പുളിമരമാണ് ഉള്ളിലെ കേട് കാരണം മറിഞ്ഞ് വീണത്. മരത്തിന്റെ ഒരു ഭാഗം വീടിന് മുകളിലേക്കും മറുഭാഗം എതിർദിശയിലേക്കുമാണ് വീണത്. വിവരമറിഞ്ഞ് നെല്ലിക്കുത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ലാൽ വി. നാഥിന്റെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും നിലന്പൂരിൽ നിന്ന് അഗ്നിരക്ഷാ സേനയുമെത്തി വൈകിട്ട് നാല് മണിയോടെ മരം മുറിച്ച് മാറ്റി.