കുളത്തിൽ വീണ മൂന്നുപേരെ രക്ഷിച്ച മുഹമ്മദ് ഷാമിൽ നാടിന്റെ താരമായി
1576280
Wednesday, July 16, 2025 8:13 AM IST
മങ്കട: കുളത്തിൽ മുങ്ങിതാഴ്ന്ന 12 വയസുള്ള മൂന്ന് കുട്ടികളെ തന്റെ മന:സാന്നിധ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് മങ്കട വെള്ളില പുത്തൻവീട് സ്വദേശിയായ ചാളക്കത്തൊടി മുഹമ്മദ് ഷാമിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സാഹസത്തിന് ആസ്പദമായ സംഭവം.
അയൽവീട്ടിൽ എത്തിയ മൂന്ന് പെണ്‍കുട്ടികൾ കുളിക്കാനായി ഷാമിലിന്റെ വീടിനു സമീപത്തെ കുളത്തിൽ എത്തുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണ ഒരു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്നുപേരും വെള്ളത്തിൽ മുങ്ങിതാണു.
ഈ സമയം അത് വഴി വന്ന ആശാവർക്കർ പള്ളിയാൽതൊടി ഹഫ്സത്ത് വിവരമറിയിച്ചതിനെത്തുടർന്നാണ് മുഹമ്മദ് ഷാമിലും പിതാവും സഹോദരനും സംഭവസ്ഥലത്ത് എത്തിയത്. ഉടൻ മുഹമ്മദ് ഷാമിൽ കുളത്തിൽ എടുത്ത്ചാടി മുങ്ങിതാഴുന്ന രണ്ട് പേരെ പെട്ടെന്ന് കരയ്ക്ക് കയറ്റിയെങ്കിലും ഒരാൾ കുളത്തിന്റെ അടിയിലേക്ക് താണിരുന്നു.
മൂന്നാമത്തെ ശ്രമത്തിനൊടുവിലാണ് ഈ കുട്ടിയെ കരയ്ക്ക് എത്തിക്കാനായത്. പുറത്തെത്തിച്ചപ്പോഴേക്കും അവശയായ കുട്ടിക്ക് സിപിആർ നൽകിയതും മുഹമ്മദ് ഷാമിൽ തന്നെ. ഇങ്ങനെ മൂന്ന് ജീവൻ രക്ഷിച്ച ഈ വിദ്യാർഥി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
വെള്ളില പിടിഎം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാഥിയായ ഷാമിൽ, ചാളക്കത്തൊടി അഷ്റഫിന്റെയും മങ്കട 19-ാം വാർഡ് വനിതാ ലീഗ് വൈസ് പ്രസിഡന്റ് ഷാഹിദയുടെയും രണ്ടാമത്തെ മകനാണ്. സ്കൂളിൽ നിന്ന് ലഭിച്ച പരിശീലനമാണ് സിപിആർ നൽകാനും മറ്റും തന്നെ സഹായിച്ചതെന്ന് ഷാമിൽ പറഞ്ഞു.