മെഡിക്കൽ കോളജിലെ ജനൽ വീണത് പുനഃസ്ഥാപനത്തിലെ പിഴവ് കാരണം
1576276
Wednesday, July 16, 2025 8:13 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നു വീണതിന് കാരണം പുനഃസ്ഥാപനത്തിലെ പിഴവെന്ന് കണ്ടെത്തൽ. ജനലിലൂടെ താഴത്തെ നിലയിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ കയറ്റാനായി അഴിച്ചെടുത്ത ജനൽ ഉൗരി തിരികെ വച്ചപ്പോൾ ഉറപ്പിക്കാത്തതാണ് പെട്ടെന്ന് കാറ്റിൽ വീഴാൻ കാരണമായതെന്നാണ് കണ്ടെത്തൽ. ഏത് വകുപ്പിലേക്കാണ് സാധനങ്ങൾ കയറ്റിയതെന്ന് അറിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ജനൽ വീണ് പരിക്കേറ്റ ഒന്നാംവർഷ നഴ്സിംഗ് വിദ്യാർഥികളായ ബി.ആദിത്യ, പി.നയന എന്നിവർ ആശുപത്രി വിട്ടു. മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഫിസിയോളജി ഡെമോണ്സ്ട്രേഷൻ ഹാളിലെ ഇരുന്പ് ജനലാണ് തിങ്കളാഴ്ച വൈകിട്ട് 3.45 ന് ക്ലാസ്മുറിയിലേക്ക് നിലംപൊത്തിയത്. അഞ്ച് നില കെട്ടിടത്തിൽ എല്ലാനിലകളിലും ഇരുന്പ് ജനലുകൾ ഭദ്രമായി ഉറപ്പിച്ചിട്ടുണ്ട്. ഒന്നാം നിലയിലെ ഒരു ജനലാണ് കാറ്റിൽ വീണത്.
മെഡിക്കൽ കോളജിലും ആശുപത്രിയിലും അറ്റകുറ്റ പ്രവൃത്തികൾ നടത്താൻ ഫണ്ട് ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ കളക്ടറെ അറിയിച്ചു. ഒരു വർഷം മുന്പ് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചില്ലെന്നും അറിയിച്ചു.