മഞ്ചേരി ജനറൽ ആശുപത്രി: യുഡിഎഫ് നിവേദനം നൽകി
1576522
Thursday, July 17, 2025 5:53 AM IST
മഞ്ചേരി: മഞ്ചേരിയിലെ ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രി താനൂരിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക എന്നിവർക്ക് നിവേദനം നൽകി. ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്.
ജില്ലയിലെ ഏക ജനറൽ ആശുപത്രിയാണ് മഞ്ചേരിയിലേത്. മെഡിക്കൽ കോളജാക്കി ഉയർത്തിയെങ്കിലും ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ഉപയോഗിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. തീരദേശ മേഖലയായ താനൂരിൽ പുതിയ ജനറൽ ആശുപത്രി ആരംഭിക്കുന്നതിന് യുഡിഎഫ് എതിരല്ല.
എന്നാൽ മഞ്ചേരിയിലെ ജനറൽ ആശുപത്രി മഞ്ചേരിയിൽ തന്നെ നിലനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് 21ന് യുഡിഎഫ് മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തും.
അഡ്വ. യു.എ. ലത്തീഫ് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൾ ഹമീദ് എംഎൽഎ, നഗരസഭ ചെയർപേഴ്സണ് വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, യുഡിഎഫ് നേതാക്കളായ ഹനീഫ മേച്ചേരി, കെ.കെ.ബി. മുഹമ്മദാലി, കബീർ നെല്ലിക്കുത്ത്, ഹുസൈൻ വല്ലാഞ്ചിറ, ഹുസൈൻ പുല്ലഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.