മരത്തില്‍ കുടുങ്ങിയയാളെ മഞ്ചേരി അഗ്നിരക്ഷാസേന താഴെ ഇറക്കി
1576759
Friday, July 18, 2025 5:32 AM IST
മഞ്ചേരി: മരത്തില്‍ കയറിതിരികെ ഇറങ്ങാനാവാതെ കുടുങ്ങിയ 56കാരനെ മഞ്ചേരി അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തു. കിഴിശേരി സ്വദേശി അഹമ്മദാണ് മരം മുറിക്കാനായി എഴുപത് അടിയോളം ഉയരത്തില്‍ കയറിയത്. തിരികെ ഇറങ്ങുന്നതിനിടെ ഷര്‍ട്ട് മരക്കൊമ്പില്‍ കൊളുത്തി മരത്തിനു മുകളില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ മഞ്ചേരി അഗ്നിരക്ഷാ നിലയില്‍ അറിയിക്കുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.കെ. പ്രജിത്തും നാട്ടുകാരനായ മരംവെട്ട് തൊഴിലാളിയായ സുഭാഷും മരത്തില്‍ കയറുകയും തൂങ്ങിനിന്ന അഹമ്മദിനെ കയര്‍ ഉപയോഗിച്ച് മുകളില്‍ കെട്ടിവയ്ക്കുകയും റെസ്ക്യൂ നെറ്റില്‍ കയറ്റിയതിന് ശേഷം കയര്‍ അറുത്തുമാറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ താഴെ ഇറക്കുകയുമായിരുന്നു.
സിവില്‍ ഡിഫന്‍സ് അംഗങ്ങളായ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ പ്രതീഷ്, ഓഫീസര്‍മാരായ എം.വി. അനൂപ്, എം.വി. അജിത്, എം. അനൂപ്, എം. സജീഷ്, രഞ്ജിത്, ബിനീഷ്, സുരേഷ്, സുബ്രഹ്മണ്യന്, മുകുന്ദന് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ലാഡറും റെസ്ക്യൂ നെറ്റും റോപ്പും ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനത്തിന് നിലയം മേധാവി ടി. ഷാജി നേതൃത്വം നല്കി.