തെരുവ് വിളക്കുകൾ കത്തുന്നില്ല; നിവേദനം നൽകി
1576274
Wednesday, July 16, 2025 8:13 AM IST
മഞ്ചേരി: തൃക്കലങ്ങോട് മരത്താണി 22-ാം വാർഡിൽ തെരുവു വിളക്കുകൾ മിഴിചിമ്മിയിട്ട് മാസങ്ങളായി. രാത്രിയായാൽ പ്രദേശമാകെ ഇരുട്ടിലാകുന്നതിനാൽ പ്രദേശവാസികളും യാത്രക്കാരും ഏറെ ദുരിതത്തിലാണ്. പുലിഭീതി നിലനിൽക്കുന്ന മരത്താണിയിൽ രാത്രി കാലത്ത് വാഹനങ്ങളിൽ സഞ്ചരിക്കുന്നതു പോലും ഏറെ ആശങ്കയോടെയാണ്.
തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനു സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മരത്താണി ജനകീയ സമിതിയുടെ നേതൃത്വത്തിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷക്ക് നിവേദനം നൽകി.
ജനകീയ സമിതി ജനറൽ കണ്‍വീനർ സലിം മേച്ചേരി, ഡിവൈഎഫ്ഐ മരത്താണി യൂണിറ്റ് പ്രസിഡന്റ് എൻ.ടി. സാലി, പിഡിപി മരത്താണി വാർഡ് കൗണ്‍സിൽ അംഗം കെ.ടി. അബ്ദുൾഗഫൂർ, പൊതുപ്രവർത്തകൻ ചെമ്മരം അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.