ആയുഷ് കായകൽപ്പ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ജില്ലയ്ക്ക് നേട്ടം
1576758
Friday, July 18, 2025 5:32 AM IST
മലപ്പുറം: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് പുരസ്കാരങ്ങൾ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് അഭിമാനമായി നിരവധി നേട്ടങ്ങൾ. ഉപജില്ല ഹോസ്പിറ്റൽ വിഭാഗത്തിൽ വണ്ടൂർ പഞ്ചായത്തിലെ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ സെന്റർ 89.62 ശതമാനം മാർക്കോടുകൂടി കമന്റേഷൻ പ്രൈസിന് അർഹത നേടി. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.
ജില്ലാതല ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഐഎസ്എം വിഭാഗത്തിൽ മാറഞ്ചേരി ഗവ. ആയുർവേദ ഡിസ്പെൻസറി 99.58 ശതമാനം മാർക്കോടെയും ഗവ. ഹോമിയോ ഡിസ്പെൻസറി കൂരാട് 86.25 ശതമാനം മാർക്കോടെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരു ലക്ഷം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക.
ഗവ. ആയുർവേദ ഡിസ്പെൻസറി താനൂർ- 98.75 ശതമാനം, ഗവ. ആയുർവേദ ഡിസ്പെൻസറി അങ്ങാടിപ്പറം- 95.83 ശതമാനം, ഗവ. ആയുർവേദ ഡിസ്പെൻസറി ആനക്കയം- 94. 58 ശതമാനം മാർക്കുകളോടെ ഐഎസ്എം വിഭാഗത്തിൽ കമന്റേഷൻ പ്രൈസിന് അർഹത നേടി. ഹോമിയോ വിഭാഗത്തിൽ ഗവ. ഹോമിയോ ഡിസ്പെൻസറി അരീക്കോട് 81.25 ശതമാനവും ഗവ. ഹോമിയോ ഡിസ്പെൻസറി കോട്ടക്കൽ 80.41 ശതമാനവും ഗവ. ഹോമിയോ ഡിസ്പെൻസറി ഒമാനൂർ 78.33 ശതമാനവും മാർക്കുകൾ നേടി കമന്റേഷൻ പ്രൈസ് മുപ്പതിനായിരം രൂപയ്ക്ക് അർഹത നേടി.
ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് പുരസ്കാരങ്ങൾ നൽകുന്നത്. ശുചിത്വം, മാലിന്യനീക്കം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവ് വിലയിരുത്തിയാണ് അവാർഡ് പരിഗണിക്കുന്നത്. ആയുർവേദ-ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ, സബ്ജില്ല, താലൂക്ക് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് പല ഘട്ടങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ആയുഷ് കായകൽപ്പ് അവാർഡ് നൽകുന്നത്.
ശുചിത്വം, മാലിന്യനീക്കം, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ചവർ നടത്തിയ മൂല്യനിർണയം ജില്ല, സംസ്ഥാന കായകൽപ്പ് കമ്മിറ്റികൾ വിലയിരുത്തി സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ച് അവാർഡ് നിർണയ കമ്മിറ്റിയാണ് മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്.