ചാലിയാർ മൈലാടിപൊട്ടിയിൽ കാട്ടാന വീടിന്റെ മതിൽ തകർത്തു
1576518
Thursday, July 17, 2025 5:53 AM IST
രണ്ട് മാസത്തിനിടയിൽ തകർത്തത് ഏഴ് വീടുകളുടെ മതിലുകൾ
നിലന്പൂർ: നിലന്പൂർ മൈലാടിപൊട്ടിയിൽ കാട്ടാന വീടിന്റെ മതിൽ തകർത്തു. സ്വകാര്യസ്ഥലത്തെ മതിലും തകർത്തു. മൈലാടിപൊട്ടി നിവാസികൾ ആശങ്കയിൽ. രണ്ട് മാസത്തിനിടയിൽ കാട്ടാന തകർത്തത് പ്രദേശത്തെ ഏഴ് വീടുകളുടെ മതിലുകളാണ്. പുത്തൻവീട്ടിൽ സാബുവിന്റെ വീടിന് മുന്നിലെ മതിലാണ് തകർത്തത്.
ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് വീടിന്റെ മുന്നിലെ മതിൽ തകർത്തതെന്ന് സാബു പറഞ്ഞു. ആന മതിൽ പൊളിക്കുന്ന ശബ്ദം കേട്ടെങ്കിലും ഭയം കൊണ്ട് പുറത്തിറങ്ങിയില്ലെന്നും ചിന്നംവിളിക്കുന്നത് കേട്ടുവെന്നും നേരം പുലർന്ന് നോക്കുന്പോഴാണ് മതിൽ തകർത്ത നിലയിൽ കണ്ടതെന്നും സാബു പറഞ്ഞു.
മഞ്ചേരി സ്വദേശി ഫെബിൻ പണ്ടപ്പാടന്റെ മൈലാടിയിലെ സ്ഥലത്ത് നിർമിച്ച മതിലും തകർത്തിട്ടുണ്ട്. മൈലാടിപൊട്ടി പുളിക്കൽ ബാലചന്ദ്രന്റെ വീടിന്റെ മുൻഭാഗത്തും നാശനഷ്ടം വരുത്തി. ഇവിടെയുള്ള 30 രാസവള ചാക്കുകൾ വലിച്ചെറിഞ്ഞ ശേഷമാണ് കാട്ടാന മതിൽ തകർത്തത്. 200 ലേറെ കുടുബങ്ങൾ താമസിക്കുന്നിടത്തായിരുന്നു കാട്ടാനയുടെ പരാക്രമം.
പ്രശ്നത്തിൽ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിലന്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സഹൽ അകന്പാടം ആവശ്യപ്പെട്ടു. നാട്ടിലിറങ്ങുന്ന കൊന്പൻ നിരന്തരം വീടുകളുടെ മതിലുകൾ തകർക്കുകയാണ്. മൂന്ന് കൊന്പനാനകൾ ഉൾപ്പെടെ ഏഴ് ആനകളാണ് മൈലാടിപൊട്ടി ഭാഗങ്ങളിൽ കാണപ്പെടുന്നത്.
പൊക്കോട് വനമേഖലയിൽ നിന്നാണ് കാട്ടാനകൾ ഇറങ്ങുന്നത്. രാത്രി മൈലാടിപൊട്ടിയിൽ കാട്ടാന ഇറങ്ങിയതായി അറിയിച്ചതോടെ അകന്പാടം വനം സ്റ്റേഷനിലെ വനപാലകരും ദ്രുതകർമസേനയും എത്തി കാട്ടാനയെ സമീപത്തെ വനമേഖലയിലേക്ക് കയറ്റി വിട്ടിരുന്നെങ്കിലും പുലർച്ചെ എത്തിയാണ് മതിലുകൾ തകർത്തതെന്ന് അകന്പാടം ഡെപ്യൂട്ടി റേഞ്ചർ വി.കെ. മുഹസിൻ പറഞ്ഞു.
വന്യമൃഗ വിഷയത്തിൽ എംപി, എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ ഇടപെടണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.