ചാലിയാർ പഞ്ചായത്തിൽ പന്നിവേട്ട തുടങ്ങി
1576286
Wednesday, July 16, 2025 8:13 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ കാട്ടുപന്നി വേട്ട തുടങ്ങി. ഒറ്റരാത്രി കൊണ്ട് വെടിവച്ചിട്ടത് 12 കാട്ടുപന്നികളെ. വൈലാശേരി ഭാഗത്തെ കൃഷിയിടങ്ങളിലേക്ക് എത്തിയ പന്നികളെയാണ് ചാലിയാർ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയ ഷൂട്ടർമാർ വെടിവച്ച്് വീഴ്ത്തിയത്.
ശല്യക്കാരായ മുഴുവൻ കാട്ടുപന്നികളെയും ഒരു മാസത്തിനുള്ളിൽ വെടിവച്ച് കൊല്ലുന്ന പദ്ധതിക്കാണ് പഞ്ചായത്തിൽ തുടക്കമായത്. തോക്ക് ലൈസൻസുള്ള 17 ഷൂട്ടർമാരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്.
ജില്ലയിൽ തന്നെ ഇത്രയേറെ ഷൂട്ടർമാരെ ഒന്നിച്ചിറക്കി കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നത് ആദ്യമായാണ്. പന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നാണ് ചാലിയാർ പഞ്ചായത്ത്. വനമേഖലകളോട് അതിർത്തി പങ്കിടുന്ന പഞ്ചായത്താണിത്.
നിലന്പൂർ മേഖലയിലെ പ്രധാന രണ്ട് വനമേഖലകളായ മൂവായിരം, പന്തീരായിരം വനമേഖലകൾ ഈ പഞ്ചായത്തിലാണ്. മലപ്പുറം ജില്ലയിലെ പ്രധാന ഷൂട്ടർമാരിൽ ഒരാളായ വഴിക്കടവ് സ്വദേശി മൂച്ചിക്കോടൻ ഗഫൂർ ഉൾപ്പെടെ ഷൂട്ടർ സംഘത്തിലുണ്ട്.