ഭിന്നശേഷിക്കാരനോട് കണ്ടക്ടർ മോശമായി പെരുമാറിയ സംഭവം; ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ
1576505
Thursday, July 17, 2025 5:22 AM IST
പെരിന്തൽമണ്ണ: ഭിന്നശേഷിക്കാരനായ എട്ടാംക്ലാസ് വിദ്യാർഥിയോട് ബസിൽ മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ പാലക്കാട് ആർടിഒയ്ക്ക് കത്ത് നൽകി. പെരിന്തൽമണ്ണ പൊന്ന്യാകുർശി കിഴിശേരി സൈനുദ്ദീന്റെ പരാതിയിലാണ് നടപടി.
പെരിന്തൽമണ്ണ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന 75 ശതമാനം ശാരീരിക അവശതയുള്ള മകൻ ബസിൽ സഞ്ചരിക്കുന്പോൾ യാത്രക്കാർക്കും വിദ്യാർഥികൾക്കുമി ടയിൽ വച്ച് ഭിന്നശേഷിയെ അപമാനിക്കും വിധം സംസാരിച്ചതായാണ് പിതാവിന്റെ പരാതി. കണ്ടക്ടർ മോശമായ പെരുമാറിയത് വിദ്യാർഥിക്ക് മാനസിക പ്രയാസത്തിനിടയാക്കിയെന്നും പരാതിയിൽപറയുന്നു.
ജൂണ് 26 ന് വൈകുന്നേരം സ്കൂൾ വിട്ട് മടങ്ങുന്പോഴാണ് സംഭവം. പെരിന്തൽമണ്ണ - മണ്ണാർക്കാട് റൂട്ടിലോടുന്ന പിടിവി ബസിലെ കണ്ടക്ടറായ മണ്ണാർക്കാട് നാട്ടുകൽ സായിവാനിൽ വീരാൻ എന്ന കണ്ടക്ടറാണ് മോശമായി പെരുമാറിയതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഎംവിഐ മുഹമ്മദ് ബഷീർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇയാൾ സംഭവ ദിവസം കാലാവധി കഴിഞ്ഞ കണ്ടക്ടർ പാസ് ഉപയോഗിച്ചാണ് ജേലി ചെയ്തതെന്നും ഇയാളുടെ കണ്ടക്ടർ പാസ് കാലാവധി 2021 ഫെബ്രുവരിയിൽ കാലഹരണപ്പെട്ടതായും കാലാവധിയില്ലാത്ത പാസ് ഉപയോഗിച്ച് കണ്ടക്ടർ ജോലി ചെയ്യിച്ചതിന് ബസിന്റെ ആർസി ഉടമയും നിയമലംഘനം നടത്തിയതായും അന്വേഷണ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഓഫീസ് മുന്പാകെ ഹാജരാകാൻ കണ്ടക്ടർ, ആർസി ഉടമ എന്നിവരോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണ് പാലക്കാട് ജില്ലയിലെ ആർടിഒയോട് ശിക്ഷനടപടി ആവശ്യപ്പെട്ട് പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ കത്ത് നൽകിയത്.