‘കെഎൻജി റോഡിലെ കുഴികളടച്ച് സഞ്ചാര യോഗ്യമാക്കണം’
1576284
Wednesday, July 16, 2025 8:13 AM IST
നിലന്പൂർ: ചന്തക്കുന്ന് മുതൽ വെളിയംതോട് ഭാഗം വരെയുള്ള കഐൻജി റോഡിലെ കുഴികൾ അടിയന്തരമായി അടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നിലന്പൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ വാഹനങ്ങൾ ഈ ഭാഗത്ത് നിർത്തി കയറിയിറങ്ങി പോകുന്നതിനാൽ റോഡിൽ വലിയ ഗതാഗതകുരുക്കാണ് നേരിടുന്നത്.
കോഴിക്കോട് - നിലന്പൂർ -ഗൂഢല്ലൂർ പാതയായതിനാൽ ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. റോഡ് തകർന്നതിനാൽ വെളിയംതോട് മുതൽ ചന്തക്കുന്ന് വരെയുള്ള ഒരു കിലോമീറ്റർ ഭാഗം കടന്നുപോകാൻ 15 മിനിറ്റിലേറെ വേണ്ടിവരുന്നു.
കുഴികളിലൂടെ പോകുന്ന ചെറുവാഹനങ്ങളുടെ പിന്നിൽ വരുന്ന ബസുകൾക്ക് ഏറെ സമയം ഗതാഗതക്കുരുക്കിൽപ്പെട്ട് നിർത്തിയിടേണ്ടി വരുന്നതിനാൽ ബസുകളുടെ ട്രിപ്പുകൾ മുടങ്ങുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡും കുഴികളും തിരിച്ചറിയാനാകുന്നില്ല. ഇതുകാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഈ ഭാഗത്ത് നേരത്തെ അപകട മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. റോഡിന്റെ അടിഭാഗം പൂർണമായും തകർന്ന സ്ഥിതിയാണെന്നും മഴക്കാലമാകുന്പോൾ ഈ ഭാഗത്തുണ്ടാകുന്ന റോഡ് തകർച്ചക്ക് ശാശ്വത പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗം സെക്ഷൻ എൻജിനീയർക്ക് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നിലന്പൂർ താലൂക്ക് കമ്മിറ്റി നിവേദനവും നൽകി. ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് നിയാസ് ചാലിയാർ, താലൂക്ക് ഭാരവാഹികളായ ഷൗക്കത്തലി ഉള്ളാട്ട് പറന്പൻ, കെ.ടി. മെഹബൂബ്, എ വണ് ബാബു മന്പാട്, ഹമീദ് കുരിക്കൾ, എ. ഷെമീർ ബാബു, ജസ്ല കുട്ടൻ എന്നിവർ പ്രസംഗിച്ചു.