പിഎംജെവികെ പദ്ധതിയിൽ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 17, 18 തീയതികളിൽ
1576277
Wednesday, July 16, 2025 8:13 AM IST
നിലന്പൂർ: പ്രധാൻമന്ത്രി ജാൻ വികാസ് കാര്യക്രം പദ്ധതിയിലൂടെ (പിഎംജെവികെ) കേന്ദ്ര മൈനോറിറ്റി മന്ത്രാലയം നിലന്പൂർ മൈനോറിറ്റി കോണ്സെൻട്രേഷൻ ബ്ലോക്കിലേക്ക് അനുവദിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെയും ഗേൾസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം 17, 18 തിയതികളിൽ നിലന്പൂർ അമൽകോളജ് കാന്പസിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കിൽ സെന്റർ 17 ന് രാവിലെ ഒന്‍പതിന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി ഉദ്ഘാടനം ചെയ്യും. പി.വി. അബ്ദുൾ വഹാബ് എംപി അധ്യക്ഷതവഹിക്കും.
പെണ്‍കുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം 18ന് ഉച്ചയ്ക്കുശേഷം മൂന്നിന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. പി.വി. അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ പി.കെ. ബഷീർ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിക്കും. 7.92 കോടി രൂപയാണ് സ്കിൽ സെന്ററിന് അനുവദിച്ചത്. മൈലാടിയിൽ 37,900 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച ഈ കേന്ദ്രം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
പ്രായോഗിക പഠനത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും പുതുമയുടെയും കേന്ദ്രമായി മാറും. സെമിനാർഹാൾ, ഇലക്ട്രോണിക്സ് ലാബ്, സർവേ ആൻഡ് ജിപിഎസ് ലാബ്, ഐടി ലാബ്, കൗണ്‍സിലിംഗ് റൂം, സ്റ്റോറൂമുകൾ, വനിതകൾക്കായി വിശ്രമമുറി, ഭിന്നശേഷിക്കാരായവർക്ക് സൗഹൃദമായ ശൗചാലയം തുടങ്ങി വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ തൊഴിലവസരങ്ങൾക്ക് വിദ്യാർഥികളെ സജ്ജമാക്കുകയും രാജ്യനിർമാണത്തിൽ അവരെ പങ്കാളികളാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാർത്താസമ്മേളനത്തിൽ പി.വി. അബ്ദുൾ വഹാബ് എംപി, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകന്പാടം തുടങ്ങിയവർ പങ്കെടുത്തു.