പുഴക്കടവ് ശുചീകരിച്ചു
1576273
Wednesday, July 16, 2025 8:13 AM IST
ഏലംകുളം: ജീവനം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുന്തിപ്പുഴയുടെ തീരത്തെ ഏലംകുളം മനയ്ക്ക് സമീപമുള്ള പുഴക്കടവ് വൃത്തിയാക്കി. പുല്ലും കാടും ചെളിയും നിറഞ്ഞ് ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമായി മാറിയിരുന്നു പുഴക്കടവ് പരിസരം. തുടർന്ന് ’ജീവന’ത്തിന്റെ പ്രവർത്തകരും നാട്ടുകാരും പരിസരവാസികളായ സ്ത്രീകളും ചേർന്ന് വൃത്തിയാക്കുകയായിരുന്നു.
ഏലംകുളം മനയോട് ചേർന്നുള്ള കീഴ്ത്രിക്കോവിൽ ശ്രീരാമ ക്ഷേത്രത്തിന്റെ മുന്നിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ഈ കടവ് കരിങ്കല്ല് കൊണ്ട് പടുത്ത് ഇരുന്പ് റാഡുകൾ ഉപയോഗിച്ച് ബന്ധിച്ച് നിർമിച്ചതായിരുന്നു. അറ്റകുറ്റപ്പണികൾ യഥാസമയങ്ങളിൽ നടത്താൻ കഴിയാതെ വന്നതാണ് വൃത്തിഹീനമായത്. ജീവനം ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമദാനമായി നടത്തുകയായിരുന്നു ശൂചീകരണം.