വുഷു ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മികച്ച നേട്ടം
1458148
Tuesday, October 1, 2024 8:28 AM IST
പെരിന്തല്‍മണ്ണ: ഉത്തരാഖണ്ഡ് ഡറാഡൂണില്‍ നടന്ന സീനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വന്‍നേട്ടം. സ്വര്‍ണ മെഡല്‍ നേടി തിരിച്ചെത്തിയ മത്സരാര്‍ഥികളെ ചെറുകര റെയില്‍വേ സ്റ്റേഷനില്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പുലാമന്തോളിലെ ഐഎസ്കെയിലെ കായികതാരങ്ങളാണ് മികച്ച വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായത്.
കേരളത്തിന് 13 സ്വര്‍ണവും ഒരു വെങ്കലവും ലഭിച്ചതില്‍ ഏഴ് സ്വര്‍ണവും ഒരു വെങ്കലവും മലപ്പുറം പുലാമന്തോള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്കെയുടെ കായികതാരങ്ങള്‍ക്കാണ് ലഭ്യമായത്. സ്വര്‍ണം നേടിയ 11 കായികതാരങ്ങള്‍ അടങ്ങിയ വുഷുവിലെ പ്രധാന ഇനമായ തവുലു ഗ്രൂപ്പ് ഈവന്റ് വിഭാഗത്തെ നയിച്ചത് മലപ്പുറത്തിന്റെ ഐഎസ്കെ മുഹമ്മദ് ജാസിലാണ്. ഡ്യുവല്‍ ഈവന്റ് വിഭാഗത്തിലും മുഹമ്മദ് ജാസിലും മുനീറും മലപ്പുറത്തിന്റെ സ്വര്‍ണനേട്ടത്തിന് കരുത്തേകി.
പുലാമന്തോള്‍ ഐഎസ്കെയിലെ ചീഫ് ഇന്‍സ്ട്രക്ടര്‍മാരായ പുളങ്കാവ് മുഹമ്മദലിയുടെയും സാജിതയുടെയും മകനാണ് മുഹമ്മദ് ജാസില്‍. വിളയൂര്‍ ഓടുപാറ വൈലശേരി കുഞ്ഞിപ്പുവിന്റെയും ഷഹര്‍ബാനുവിന്റെയും മകനാണ് മുനീര്‍. പുളിങ്കാവ് കല്ലുവെട്ടുകുഴിയില്‍ മനോജിന്റെയും രോഹിണിയുടെയും മകളായ നയന മനു ഒരു സ്വര്‍ണവും ഒരു വെങ്കലവും പുളിങ്കാവ് കുപ്പൂത്ത് സാജിതയുടെ മകനായ മുഹമ്മദ് ആരിസ് ഒരു സ്വർണവും നേടി. അത്തിപ്പറ്റ നൂറുകുണ്ടില് അസീസിന്റെയും റംലയുടെയും മകനായ മുഹമ്മദ് സ്വാലിഹ് ആണ് മറ്റൊരു സ്വര്‍ണ നേട്ടം കൊയ്തത്.
തിരിച്ചെത്തിയ കായിക താരങ്ങൾക്കും പരിശീലകന് ഐഎസ്കെ മുഹമ്മദലിക്കും നാട്ടുകാരുടെയും ജനപ്രധിനിധികളുടെയും ബിഎന്‍ഐ ഭാരവാഹികളുടെയും നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ചെറുകര റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയത്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ കായികതാരങ്ങളെ പൊന്നാടയണിയിച്ചു.