യന്ത്രത്തകരാറ്: മലയോര ഹൈവേ പ്രവൃത്തി നിലച്ചു
1263779
Wednesday, February 1, 2023 12:02 AM IST
കരുവാരകുണ്ട്: ശക്തമായ പൊതുജന പ്രക്ഷോഭത്തെ തുടർന്ന് നിർമ്മാണം തുടങ്ങിയ മലയോര ഹൈവേയുടെ പ്രവൃത്തി കഴിഞ്ഞ മൂന്നു ദിവസമായി നിലച്ചു. യന്ത്ര തരാറും റോഡുപണിക്കാവശ്യമായി വേണ്ടിവരുന്ന മെറ്റീരിയൽസിന്റെ അഭാവവുമാണ് നിർമ്മാണം നിർത്തിവെക്കാൻ കാരണം. മെറ്റൽ മിക്സിംഗിനും റോഡ് നിരത്താനും ഉപയോഗിക്കുന്ന യന്ത്രമാണ് പ്രവർത്തനരഹിതമായത്.
കേടായതിന് പകരം യന്ത്രം കൊണ്ട് വന്ന് റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. കാളികാവ് മുതൽ കരുവാരകുണ്ട് വരെയുള്ള മലയോരപാത നിർമ്മാണമാണ് ഏറെ വിവാദമായി കൊണ്ടിരിക്കുന്നത്.
ഒന്നര വർഷം മുന്പ് തുടങ്ങിയ മലയോര പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെയും റോഡിൽ നിന്നും ഉയരുന്ന അതി രൂക്ഷമായ പൊടിശല്യത്തിനും എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നിരാഹാര സത്യഗ്രഹവും കടയടപ്പ്സമരവും നടത്തിയതിനെ തുടർന്നാണ് മലയോരപാത നിർമ്മാണം വേഗത്തിലാക്കിയത്.