നെയ്യാറ്റിൻകരയിൽ ജൂബിലി ഉദ്ഘാടനം ഇന്ന്
1490851
Sunday, December 29, 2024 6:51 AM IST
നെയ്യാറ്റിൻകര: ആഗോള കത്തോലിക്കാ സഭയിൽ തുടക്കം കുറിച്ച, വത്തിക്കാനിൽ ക്രിസ്മസ് പാതിരാ തിരുകർമങ്ങൾക്കിടയിൽ സെന്റ് പീറ്റർ ബെസലിക്കയിൽ വിശുദ്ധ കവാടം തുറന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ ഉദ്ഘാടനം ചെയ്ത ജൂബിലി 2025-ന്റെ രൂപതാതല ഉദ്ഘാടനം ഇന്ന് നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ രൂപതാ മെത്രാൻ റവ. ഡോ.വിൻസന്റ് സാമുവൽ നിർവഹിക്കും.
വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തിരുകർമങ്ങളിൽ രൂപതയിൽ സേവനം ചെയുന്ന വൈദീകരും സന്യസ്തരും അൽമായ പ്രതിനിധികളും വിശ്വാസിസമൂഹവുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുക്കും.
ജൂബിലി 2025-ന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കത്തീഡ്രലിലേക്ക് നടത്തുന്ന തീർഥാടന റാലിയിൽ അൾത്താര ബാലകർ, സ്ത്രീകൾ, പുരുഷന്മാർ, സിസ്റ്റർമാർ, ബ്രദേഴ്സ്, ദിവ്യബലിക്കുള്ള വസ്ത്രങ്ങൾ അണിഞ്ഞ വൈദികർ എന്നിവർ പങ്കെടുക്കും. തുടർന്ന്, ജൂബിലി പതാക ഉയർത്തലും, ദിവ്യബലി, ജൂബിലി ലോഗോ, ജൂബിലി ബാനർ, ജൂബിലി പ്രാർഥന എന്നിവയുടെ പ്രകാശനം നടക്കുമെന്ന് രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്ററുടെ ഓഫീസ് അറിയിച്ചു.
2025 ജൂബിലി വർഷമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിരവധി പരിപാടികളാണ് നെയ്യാറ്റിൻകര രൂപതയും ക്രമീകരിച്ചിരിക്കുന്നത്. ജൂബിലിയുടെ ഇടവകാതല ഉദ്ഘാടനം ജനുവരി അഞ്ചിന് ഞായറാഴ്ച രൂപതയിലെ 265 പള്ളികളിലും നടക്കും.