അഗ്നിച്ചിത്രങ്ങൾ ജീവിതം ഏറ്റുവാങ്ങുന്പോൾ
1490845
Sunday, December 29, 2024 6:50 AM IST
തിരുവനന്തപുരം: താമരദളം പോലെ മസൃണമായ കുഞ്ഞ് കൈത്തലത്തിൽ സ്വന്തം കൈ പിടിക്കുന്ന കരുതലിന്റെ സാന്ദ്രസ്പർശം. പിന്നെ കാലം പരിക്കുകൾ തീർത്ത കൈത്തലം ചേർത്തുപിടിക്കുന്ന ഉറച്ച വിശ്വാസത്തിന്റെ ഇരുകൈകൾ.... ഇങ്ങനെ ചേർത്തുപിടിക്കലിന്റെ, സ്നേഹത്തിന്റെ അഗ്നിച്ചിത്രങ്ങൾ ജോർജ് ഫെർണാണ്ടസിന്റെ ഫ്ളോറ ആർട്ട് ഗാലറിയിൽ നിറയുകയാണ്.
ഉൗറ്റുകുഴിയിലെ ജോർജ് ഫെർണാണ്ടസിന്റെ വസതിയായ ഏദനിലെ ഫ്ളോറ ആർട്ട് ഗാലറിയിലാണ് ഫയർഡ് ബ്യൂട്ടി എന്ന പൈറോഗ്രാഫി ചിത്ര പ്രദർശനം. പെയിന്റില്ലാതെ തടിയിൽ തീ സൂചികൊണ്ട് ചിത്രം വരയ്ക്കുന്ന പൈറോഗ്രാഫി എന്ന അപൂർവ ചിത്രകലയിലൂടെ ചിത്രകാരനും കലാവിദഗ്ധനുമായ ജോർജ് ഫെർണാണ്ടസ് തീർത്ത ഫയേഡ് ബ്യൂട്ടി അക്ഷരാർഥത്തിൽ അഗ്നി ലാവണ്യമാവുന്നു.
ഏറ്റവും കൂടുതൽ സ്നേഹതലോടൽ ലഭിക്കേണ്ട കുഞ്ഞുങ്ങളും വയോധികരും ഒരുപോലെ ആശ്രയമറ്റവരാവുന്ന സമകാലീന സാമൂഹ്യ സാഹചര്യത്തിലാണ് ജോർജ് ഫെർണാണ്ടസിന്റെ ഈ ചിത്രക്കാഴ്ച. ഓമൽ കൈക്കുഞ്ഞിന്റെ കൈപിടിക്കുന്ന അമ്മയുടെ ആർദ്രകരം ഒരുവശത്ത് കാണാം.
അതോടൊപ്പം നടക്കുവാൻ കഴിയാത്ത മുത്തച്ഛനെ കൈപിടിച്ച് നടത്തിക്കുവാൻ നീളുന്ന ചെറുമകന്റെ കൈയും..! ഒരിറ്റു സ്നേഹനിശ്വാസത്തിനായി മുകളിലേക്കു നീളുന്ന കൈ അമർത്തിപിടിക്കുവാൻ മറ്റൊരു കൈ ഉണ്ടാവുക എന്ന സ്വപ്നം അഗ്നി ചിത്രങ്ങളിലൂടെ സത്യമാവുന്നു. യേശുക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും മാലാഖമാരുടെയും പൈറോഗ്രാഫി ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
വളരെ സൂക്ഷ്മമായി വരയ്ക്കേണ്ടതാണ് ഇന്ത്യയിൽ തന്നെ അപൂർവമായ പൈറോഗ്രാഫി ചിത്രങ്ങൾ. ഒരുവരി തെറ്റിപ്പോയാൽ പ്രതലമായ തടി കളയേണ്ടിവരും. ഓരോ ചിത്രവും പൂർണമാക്കുവാൻ മൂന്നാഴ്ച വേണം.
ലാസ്റ്റ് സപ്പർ എന്ന ചിത്രം ആറുമാസത്തിലധികം എടുത്താണ് പൂർത്തീകരിച്ചത്- ജോർജ് ഫെർണാണ്ടസ് പറയുന്നു. പൈറോഗ്രാഫി ചിത്രകലയിലേക്കു തന്നെ കൂട്ടിയ ബന്ധുകൂടിയായ കലാകാരൻ റൂഫസ് നെറ്റാറിന്റെ സ്മരണയ്ക്കായിട്ടാണ് പ്രദർശനം. പ്രദർശനം 31 വരെ നീളും.