കാറിടിച്ച് 77കാരൻ മരിച്ച സംഭവം; ഡ്രൈവറെ കണ്ടെത്തി
1490848
Sunday, December 29, 2024 6:50 AM IST
പാറശാല : കാറിടിച്ച് 77കാരൻ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ ദിവസങ്ങള്‍ക്കുശേഷം അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. കാരോട് അയിര പ്ലാങ്കാല കടൈവിള വീട്ടില്‍ എസ് ചെല്ലക്കണ്ണ്(77) മരിച്ച സംഭവത്തില്‍ കാറോടിച്ചത് കന്യാകുമാരി കാഞ്ഞാംപുറം ആറുദേശം അരുവാന്പൊറ്റൈ വീട്ടില്‍ ആല്ബിന് ജോസാണെ(39)ന്ന് പൊഴിയൂര്‍ പോലീസ് കണ്ടെത്തി.
ചെങ്കവിള അയിര പനങ്കാല ജംഗ്ഷനുസമീപം ഡിസംബര്‍ എട്ടിന് രാവിലെ അഞ്ചിനായിരുന്നു അപകടം. ചെല്ലക്കണ്ണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ പാറശാലഭാഗത്തു നിന്ന് ഊരമ്പ് ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ അതേ കാറില്‍ കയറ്റി മാര്‍ത്താണ്ഡം വെട്ടുമണി സര്‍ക്കാര്‍ ആശുപത്രിയിലും അവിടെനിന്ന് ആംബുലന്‍സില്‍ നാഗര്‍കോവിലിലെ ആശാരിപള്ളം മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചു. ചികിത്സയ്ക്കിടെ ഒന്പതരമണിയോടെ മരണപ്പെട്ടു. പിന്നാലെ ജോസഫ് ആശുപത്രിയില്‍നിന്ന് കടന്നു.
ബന്ധുക്കള്‍ പൊഴിയൂര്‍ പോലീസില്‍ പരാതി നല്കി. പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുള്‍കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തെയും ഡ്രൈവറേയും കണ്ടെത്തിയത്.