നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ ഒറ്റഡ്രൈവർ തീരുമാനം : കേന്ദ്രനയം കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് വിലയിരുത്തൽ
1490841
Sunday, December 29, 2024 6:50 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ ഒറ്റഡ്രൈവർ മതിയെന്നകേന്ദ്ര സർക്കാരിന്റെ നയം കൂടുതൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതിനു കാരണമാകുന്നതായി വിലയിരുത്തൽ. തിരക്കേറിയ നിരത്തുകളിലെ വളവുകളിൽ സൈഡ് ഗ്ലാസിന്റെ ബലത്തിൽ മുന്നോട്ടും പിന്നോട്ടുമെടുക്കുന്ന കൂറ്റൻ വാഹനങ്ങൾ മറ്റു വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്ന സംഭവങ്ങൾ വർധിച്ചിട്ടും നടപടിയെടുക്കാനാകാതെ അധികൃതർ.
2019-ലെ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ നിയമഭേദഗതിയാണ് ജനത്തിനു തിരിച്ചടിയായത്. അതിനു മുന്പുവരെ നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ബ്രൗണും വെള്ള വരയുമുള്ള കളർ കോഡും നിശ്ചയിച്ചിരുന്നു. ഭേദഗതിയോടെ ചരക്ക് വാഹനങ്ങളിൽ ഒന്നിൽ കൂടുതൽ ഡ്രൈവർ വേണമെന്ന നിബന്ധനയും കളർ കോഡും ഇല്ലാതെയായെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. നിബന്ധന ഗ്യാസ് ടാങ്കറുകൾക്ക് മാത്രമായി ഒതുക്കി.
മുംബൈ പോലുള്ള മെട്രോ നഗരങ്ങളിലും ജനവാസം കുറഞ്ഞ സംസ്ഥാനങ്ങളിലും പ്രയോഗികമാകുന്ന നയം ജനസാന്ദ്രതയും വാഹനത്തിരക്കുള്ളതുമായ കേരളത്തിൽ തിരിച്ചടിയാകുന്നതായും വിലയിരുത്തപ്പെടുന്നു.
പതിനാറും പതിനെട്ടും ടയറുകൾ വരെയുള്ള കൂറ്റൻ ടിപ്പർ ലോറികളും, ടോറസ്, ട്രെയിലർ ലോറികളുമെല്ലാം നിയന്ത്രിക്കുന്നത് ഒരാളിൽ മാത്രമൊതുങ്ങി. വാഹന ഉടമകൾക്കു ലാഭം വരുത്താൻ ഉതകുമെങ്കിലും വശങ്ങളിലൂടെ വരുന്ന മറ്റു വാഹനങ്ങളെ കാണാതെ വെട്ടിത്തിരിക്കുന്നതും പുറകോട്ടെടുക്കുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്താനും കാരണമായിട്ടുണ്ട്. ചരക്കുകളുമായി ദീർഘദൂരം താണ്ടിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ സഹായിക്കാൻ പകരക്കാരില്ലാത്തതും അപകടങ്ങളുടെ ആക്കം കൂട്ടുന്നതിനു വഴിതെളിച്ചതായും പറയപ്പെടുന്നു.
കാബിനുകൾ എയർ കണ്ടീഷ ൻ ചെയ്യുന്നത് വാഹനം നിയന്ത്രിക്കുന്നവർ മയങ്ങാനുള്ള സാധ്യതയും കൂടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം തുടങ്ങിയതുമുതൽ ഈ മേഖലയിലെ ടിപ്പർ ലോറികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. പതിനാറുവരെ ടയറിന്റെ പിൻബലത്തിൽ വൻ ഭാരവുമായി പോകുന്നകൂറ്റൻ ടിപ്പർ ലോറികളെയെല്ലാം നിയന്ത്രിക്കാനും ഡ്രൈവർ മാത്രമാണുള്ളത്.
വലിയ കയറ്റിറക്കുള്ള ഇടുങ്ങിയതും വാഹനത്തിരക്കുള്ളതുമായ റോഡുകൾവഴി കടന്നുപോകുമ്പോഴും വശങ്ങളിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകാനും ആരുമില്ല. വിഴിഞ്ഞത്ത് അധ്യാപികയുടെ കാലിലൂടെ ടിപ്പർ കയറിയിറങ്ങിയതും ഇത്തരത്തിന് ഉദാഹരണമാണ്.
അപകടം കണ്ടുനിന്നവർ ഉറക്കെ വിളിക്കുമ്പോഴാണ് ഡ്രൈവർ കാര്യമറിയുന്നത്. ഓടിക്കൊണ്ടിരുന്ന ടിപ്പറിൽനിന്ന് തെറിച്ചുവീണ കരിങ്കൽ തലയിൽ പതിച്ച് ഒരു യുവാവിനു ജീവൻ നഷ്ടപ്പെട്ടപ്പോഴും ഡ്രൈവറിന് അപകടമറിയാൻ നാട്ടുകാർവേണ്ടി വന്നു. ബൈപ്പാസിലെ സർവീസ് റോഡിലെ കുത്തനെയുള്ള കയറ്റത്തിൽനിന്നു വൻഭാരവുമായി പിന്നോട്ടുരുണ്ട നിരവധി സംഭവങ്ങൾ അരങ്ങേറി.
പുറകിൽ നിന്നെത്തുന്ന വാഹനയാതക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടതു ഭാഗ്യംകൊണ്ട് മാത്രമായിരുന്നു. ഓട്ടത്തിനിടയിൽ ഏസിയിലിരുന്ന് ഡ്രൈവർമാർ അശ്രദ്ധ യോടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
2019-ലെ ഭേദഗതിയിൽ ഓട്ടോ ഓടിക്കുന്നവർക്ക് കാറിന്റെ ലൈസൻസ് വേണമെന്ന നിബന്ധനയുമുണ്ടായി. രണ്ടു വാഹനങ്ങളും ഓടിക്കുന്നത് ഏറെ വ്യത്യസ്ഥമെന്നിരിക്കെയാണ് പരിഷ്കാരം. പഴയ ലൈസൻസുകൾ പുതുക്കി നൽകുന്നുണ്ടെങ്കിലും പുതിയതായി വരുന്നവർ സർക്കാരിന്റെ നിബന്ധനകൾ പാലിക്കണമെന്നും അധികൃതർ പറയുന്നു.