ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളം തകർന്നു: ഒരാളെ കാണാതായി
1459299
Sunday, October 6, 2024 5:54 AM IST
പൂന്തുറ: ശക്തമായ തിരയെത്തുടര്‍ന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്നു പേര് കടലില്‍ വീണു. ഒരാളെ കാണാതായി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് പൂന്തുറ (പൊഴിക്കര) പനത്തുറ ഭാഗത്തുള്ള കടലിലാണ് അപകടം നടന്നത്.
സംഭവം നടന്നയുടന്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഏറെ ദൂരം നീന്തിയ ശേഷം മറ്റൊരു വള്ളത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വള്ളത്തിന്റെ ഉടമയായ പുല്ലുവിള കരിങ്കുളം കുളപ്പുര ഹൗസില്‍ ജോസിനെ (54) ആണ് കാണാതായത്.
ഒപ്പമുണ്ടായിരുന്ന ജെറോമും മറ്റൊരാളുമാണ് നീന്തി രക്ഷപ്പെട്ടത്. ജോസ് അരമണിയ്ക്കൂറോളം നീന്തിയെങ്കിലും കൈകാലുകള്‍ കുഴഞ്ഞ് കടലില്‍ താഴുകയായിരുന്നതായി വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് പറഞ്ഞു. ജോസിനായി കോസ്റ്റല്‍ പോലീസ് , മറൈന്‍ എന്‍ഫോഴ്സ്മെന്റ് , കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു.
പനത്തുറ ഭാഗത്തെ കടലില്‍ അധികൃതര്‍ ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ വള്ളത്തിന്റെ തകര്‍ന്ന ഭാഗങ്ങളും രണ്ട് എന്‍ജിനുകളും കണ്ടെത്തിയതായി വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് അറിയിച്ചു. തിരയില്‍പ്പെട്ട് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അടിഞ്ഞുകയറിയ നിലയിലാണ് എന്‍ജിനുകള്‍ കണ്ടെത്തിയത്.
കാണാതായ ജോസിനായി നാവികസേനയുടെ ഹേലികോപ്റ്റര്‍ സേവനം ആവശ്യപ്പെട്ട് കലക്ടറേറ്റില്‍ കത്തു നല്‍കിയതായി വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്തിവച്ചു. ഞായറാഴ്ച രാവിലെ തെരച്ചില്‍ പുന:രാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.