കാട്ടുപന്നി ആക്രമണം; പ്ലസ്ടു വിദ്യാർഥിനിക്ക് പരിക്ക്
1459075
Saturday, October 5, 2024 6:28 AM IST
നെടുമങ്ങാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കുശർകോട് പുന്നപുരത്ത് വീട്ടിൽ പ്രഭാകരന്റെ മകൾ ആർഷ (17)ക്കാണ് ഇന്നലെ വൈകുന്നേരം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീടിനു സമീപത്തുവച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം.
കാൽമുട്ടിനു മുകളിലായാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുശർകോട് പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പലതവണ പരാതികൾ പറഞ്ഞിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കൗൺസിലർ എൽ.എസ്.ബീന പറഞ്ഞു.