അതിയന്നൂര്‍ കുടിവെള്ള പദ്ധതി: പ്രവര്‍ത്തനോദ്ഘാടനം നാളെ
1458344
Wednesday, October 2, 2024 6:36 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ പഞ്ചായത്ത് നിവാസികളുടെ ദീര്‍ഘനാളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായ അതിയന്നൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കിഫ് ബിയുടെ സാന്പത്തിക സഹായത്തോടെ അതിയന്നൂര്‍, കോട്ടുകാല്‍ പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നാളെ നിര്‍വഹിക്കും.
പോങ്ങില്‍ ജലശുദ്ധീകരണ ശാല പരിസരത്ത് വൈകുന്നേരം നാലിന് ചേരുന്ന യോഗത്തില്‍ കെ .ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ അതിയന്നൂര്‍ കുടിവെള്ള പദ്ധതിക്ക് അനുമതി ലഭിച്ചു. കിഫ് ബിയുടെ സഹായത്തോടെ 26 കോടി രൂപ ഫണ്ടും അനുവദിച്ചു.
ഡെന്നിസണ്‍ നാടാര്‍ അതിയന്നൂര്‍ പഞ്ചായത്തിന് സൗജന്യമായി നല്കിയ 65 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലായത്. നെയ്യാറില്‍ നിന്നും വെള്ളം കൊണ്ടുവരുന്നതിന് നഗരസഭ പ്രദേശത്ത് പിരായുംമൂട്ടില്‍ കിണറും പന്പ് ഹൗസും സ്ഥാപിച്ചു .
150 എച്ച്പി പന്പ് ഉപയോഗിച്ച് ജലം പോങ്ങിലില്‍ എത്തിച്ചതിനുശേഷം പദ്ധതി പ്രകാരം നിര്‍മിച്ചിട്ടുള്ള അത്യാധുനികമായ 15 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും 10 ലക്ഷം ലിറ്ററിന്റെ ഉപരിതല ജലസംഭരണിയും നെല്ലിമൂട് തൊങ്ങല് ഗവ. എല്‍പി സ്കൂളില്‍ നിര്‍മാണത്തിലുള്ള 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും ഉപയോഗിച്ചാണ് ജലവിതരണം സാധ്യമാക്കുന്നത്.
പദ്ധതി പൂര്‍ണതോതില്‍ എത്തുന്പോള്‍ അതിയന്നൂര്‍ പഞ്ചായത്തിന്റെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു. പോങ്ങില്‍ ഹോമിയോ ആശുപത്രിക്കു സമീപത്തെ ജലശുദ്ധീകരണശാല പരിസരത്ത് നാളെ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി, അഡ്വ. എം .വിന്‍സന്റ് എംഎൽഎ എന്നിവര്‍ മുഖ്യാതിഥികളാകും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, കിഫ് ബി സിഇഒ ഡോ. കെ.എം ഏബ്രഹാം, നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് തുടങ്ങിയവർ പങ്കെടുക്കും.