കിംസ്ഹെൽത്തിൽ അന്താരാഷ്ട്ര എംആർസിഎസ് ഫൈനൽ പരീക്ഷ
1458016
Tuesday, October 1, 2024 6:18 AM IST
തിരുവനന്തപുരം: റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്ഗോയുടെ ദക്ഷിണേന്ത്യയിലെ ആദ്യ അന്താരാഷ്ട്ര എംആര്‍സിഎസ് ഫൈനല്‍ പരീക്ഷ കിംസ്ഹെല്‍ത്തിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 80 മത്സരാര്‍ഥികള്‍ പങ്കെടുത്തു.
പരീക്ഷയില്‍ ഓരോ ഡോക്ടര്‍മാരുടെയും ശസ്ത്രക്രിയാ വൈദഗ്ധ്യം പ്രത്യേകം വിലയിരുത്തുന്നതിനായി റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് (ആര്സിപിഎസ്) ഗ്ലാസ്ഗോയില്‍ നിന്നും 25 മുഖ്യപരിശോധകരും എത്തിയിരുന്നു. ശസ്ത്രക്രിയ വിദഗ്ധര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിള്‍ നിന്നും ഉയര്‍ന്ന തലത്തിലുള്ള ശസ്ത്രക്രിയാ പരിശീലനത്തിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണിത്.
പ്രതിവർഷം നടത്തപ്പെടുന്ന ഈ അന്താരാഷ്ട്ര പരീക്ഷ ആദ്യമായാണ് ദക്ഷിണേന്ത്യയിൽ നടത്തിയതെന്ന് കിംസ്ഹെൽത്ത് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ഓർത്തോപീഡിക്സ് ആൻഡ് ട്രോമാ വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോ-ഓർഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം ഏകോപിപ്പിച്ചത്.