ക്ഷേത്രത്തിൽകയറി വണങ്ങിയശേഷം കവർച്ച: മോഷ്ടാവിനെ തിരിച്ചറിഞ്ഞു
1453306
Saturday, September 14, 2024 6:21 AM IST
വിഴിഞ്ഞം: ക്ഷേത്രത്തിൽ കയറി ദൈവത്തെ കുമ്പിട്ട് വണങ്ങി അനുവാദം ചോദിച്ചശേഷം അവിടെ ഉണ്ടായിരുന്ന സംഭാവനപ്പെട്ടിയുമായി കടന്ന കള്ളനെയും കള്ളന്റെ പേരും തിരിച്ചറിഞ്ഞു. ഇനി കള്ളനെ കിട്ടണം.
ഉത്തരേന്ത്യൻ സ്വദേശിയായ നജീഷിനെ തേടി വിഴിഞ്ഞം പോലീസ് ലേബർ ക്യാമ്പുകൾ കയറിയിറങ്ങുകയാണ്. കന്യാകുമാരിയിൽ നടത്തിയ മോഷണക്കേസിൽ തമിഴ്നാട്ടിൽ ജയിൽവാസമനുഭവിച്ചു തിരിച്ചുവന്ന നജീഷ് ഇതിനകം കേരളം വിട്ടിരിക്കാമെന്നാണു പോലീസ് കരുതുന്നത്. ഇക്കഴിഞ്ഞ നാലിനു രാത്രിയിൽ കോട്ടുകാൽ പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് നജീഷ് മോഷണത്തിന് കയറിയത്.
മതിൽ ചാടിക്കടന്നശേഷം യാതൊരു കൂസലുമില്ലാതെ ശ്രീകോവിലിനു മുന്നിലെത്തി ഒരു നിമിഷം ദൈവത്തെ തലകുമ്പിട്ടു വണങ്ങി. തുടർന്ന് സംഭാവനപ്പെട്ടിക്കുള്ളിൽ കിടന്ന പണമെടുക്കാനുള്ള ശ്രമം നടത്തി. ശ്രമം പാഴെന്നു കണ്ടതോടെ പെട്ടി പൊക്കിയെടുത്ത് സ്ഥലം വിട്ടു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് മുഖം പോലും മറക്കാതെ പണപ്പെട്ടിയുമായി പോകുന്ന കള്ളന്റെ ചിത്രംതെളിഞ്ഞത്.
കാഴ്ചയിൽ പ്രതി ഉത്തരേന്ത്യക്കാരനാകാമെന്നു പോലീസ് കരുതിയെങ്കിലും ഉറപ്പിച്ചില്ല. എന്നാൽ വിരലടയാള വിദഗ്ദർ ശേഖരിച്ച വിരലടയാളമാണ് നജീഷാണ് മോഷ്ടാവെന്നു കണ്ടെത്താൻ വഴിതെളിച്ചത്. തുടർന്ന് അഥിതി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കയറിയുള്ള പരിശോധന ആരംഭിച്ചു.
എന്നാൽ നിരവധി ക്യാമ്പുകളും ആയിരക്കണക്കിന് അഥിതി തൊഴിലാളികളും താമസിക്കുന്ന മേഖലയിൽനിന്നു പ്രതിയെ കണ്ടെത്തുക അത്ര എളുപ്പമല്ലതാനും. കൂടാതെ മോഷണങ്ങളുമായി നാടു മുഴുവനും ചുറ്റയടിക്കുന്ന നജീഷ് ഇതിനോടകം സ്ഥലം വിട്ടിരിക്കാമെന്നും അധികൃതർ കരുതുന്നു.
ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു വിശ്വാസികൾക്കായി സ്ഥാപിച്ചിരുന്ന സംഭാവനപ്പെട്ടിയാണ് കള്ളൻ അടിച്ച് മാറ്റിയത്. ഭണ്ഡാരത്തിൽ ഇരുപതിനായിരത്തോളം രൂപയെങ്കിലും ഉണ്ടായിരിക്കാമെന്നു ഭാരവാഹി കൾ കരുതുന്നു.