ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പുതിയ ഫ്ളഡ് ലൈറ്റുകൾ ഒരുങ്ങുന്നു
1451627
Sunday, September 8, 2024 6:16 AM IST
തിരുവനന്തപുരം: പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പുതിയ എൽ ഇഡി ഫ്ളഡ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിഅവസാന ഘട്ടത്തിലേക്ക്. സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുന്ന തെക്കൻ കേരളത്തിലെ ഏക ക്ലബ്ബായ തിരുവനന്തപുരം കൊന്പൻസിന്റെ ഹോം മാച്ചുകൾക്കു വേണ്ടിയാണ് പുതിയ ഫ്ളഡ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
പുതിയ ലൈറ്റുകൾ ടെലിവിഷൻ പ്രക്ഷേപണ നിലവാരം വർധിപ്പിക്കാനും അതുവഴി ഫുട്ബാൾ പ്രേമികൾക്ക് മികച്ച ദൃശ്യാനുഭവം ലഭ്യമാക്കാനും ഉപകരിക്കും. കൊന്പൻസ് എഫ്സിയുടെ പ്രഥമ ഹോം മാച്ച് 16ന് സ്റ്റേഡിയത്തിൽ നടക്കും. തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ. മത്സരം സ്റ്റാർസ് പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം ലഭ്യമാകും.
ഫുട്ബോൾ ക്ലബ് കളിയോട് താൽപര്യമുള്ളതും പ്രമുഖരുമായ ടി.ജെ. മാത്യു, കെ.സി. ചന്ദ്രഹാസൻ, ഡോ എം.ഐ. സഹദുള്ള, ജി. വിജയരാഘവൻ, ആർ. അനിൽകുമാർ, എൻ.എസ് അഭയ കുമാർ എന്നിവരുടെ സ്വപ്നസാഫല്യമാണ് തിരുവനന്തപുരം കൊന്പൻസ് ക്ലബ്.
നഗരത്തിൽ ഫുട്ബോളിനുണ്ടായിരുന്ന പഴയ പ്രതാപം തിരിച്ചു പിടിക്കാനും ഫുട്ബോൾ സംസ്കാരം വളർത്താനും കൊന്പൻസിന്റെ സാന്നിധ്യം സഹായിക്കുമെന്നാണു പ്രതീക്ഷ.സംസ്ഥാനത്തുടനീളമുള്ള ആറു ഫ്രാഞ്ചൈസികളിൽ ഒന്നാണു കൊന്പൻസ്.