വെള്ളറട ഗവ: യുപി സ്കൂളിൽ യുദ്ധവിരുദ്ധ റാലി നടത്തി
1443708
Saturday, August 10, 2024 6:51 AM IST
വെള്ളറട: യുദ്ധഭീകരതയ്ക്കെതിരെ വെള്ളറട ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂള്‍ അസംബ്ലിയില്‍ വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹന്‍ റാലി ഉദ്ഘാടനം ചെയ്തു. വെള്ളറട സബ് ഇന്‍സ്പെക്ടര്‍ ആര്. റസല്‍രാജ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
സ്കൂളില്‍നിന്നു വെള്ളറട ജംഗ്ഷനിലേക്കു നടത്തിയ റാലിയില്‍ യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളുമേന്തി ബാഡ്ജ് ധരിച്ച് കുട്ടികള്‍ അണിനിരന്നു. സമാധാന സന്ദേശ മുദ്രാവാക്യങ്ങളോടെ കുട്ടികള്‍ നടത്തിയ റാലി ജനശ്രദ്ധ ആകര്‍ഷിച്ചു.
വാര്‍ഡ് മെമ്പര്‍ ദീപ്തി ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര് എല്‍. സോംരാജ്, എസ്എംസി ചെയര്മാന് കാറ്റാടി വിപിന്‍ കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് ജിജി കുമാരി, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.
അധ്യാപകര്‍ എസ്എംസി അംഗങ്ങള്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കാളികളായി. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മാണം,ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടത്തി.