രാഹുൽ ഗാന്ധി നിർമിക്കുന്ന വീടുകളിൽ അഞ്ചെണ്ണത്തിന്റെ ചുമതലയേറ്റെടുക്കും: രമേശ് ചെന്നിത്തല
1443696
Saturday, August 10, 2024 6:34 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധി നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത നൂറു വീടുകളിൽ അഞ്ചു വീടുകളുടെ നിർമാണ ചുമതല താൻ ഏറ്റെടുക്കുമെന്നു കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
പ്രതിപക്ഷ നേതാവും മറ്റുപല യുഡിഎഫ് എംഎൽഎമാരും സമാന ആഗ്രഹം പങ്കുവച്ചിട്ടുണ്ട്. അതിനുള്ള സ്ഥലം സർക്കാർ നൽകുമോയെന്നത് വ്യക്തത വരുത്തണം.
വയനാട് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്താകണം. പുനരധിവാസ പ്രവർത്തനങ്ങൾക്കു പ്രതിപക്ഷം പൂർണസഹകരണം സർക്കാരിനു വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ചു വേണം സർക്കാർ വയനാട് പുനരധിവാസ പാക്കേജ് തയാറാക്കേണ്ടത്. മുൻകാലങ്ങളിൽ അങ്ങനെ ചെയ്യാത്തതിനാലാണ് നിരവധി പാളിച്ചകൾ ഉണ്ടായതെന്നു രമേശ് പറഞ്ഞു.