ടെക്നോപാർക്ക് പ്രീമിയർ ലീഗ്: എച്ച്ആൻഡ്ആർ ബ്ലോക്ക് ബ്ലൂ ജേതാക്കൾ
1416572
Tuesday, April 16, 2024 12:10 AM IST
തിരുവനന്തപുരം: ടെക്നോപാർക്ക് പ്രീമിയർ ലീഗ് (ടിപിഎൽ 2023) ക്രിക്കറ്റ് ടൂർണമെന്റിൽ എച്ച്ആൻഡ്ആർ ബ്ലോക്ക് ബ്ലൂ ജേതാക്കൾ. ഫൈനലിൽ ഗൈഡ് ഹൗസ് ബ്ലൂവിനെ പരാജയപ്പെടുത്തിയാണ് എച്ച്ആൻഡ്ആർ ബ്ലോക്ക് ബ്ലൂ തുടർച്ചയായി രണ്ടാം തവണയും കിരീടം ഉയർത്തിയത്. വനിതാ വിഭാഗത്തിൽ ടിഡബ്ല്യുസിഎൽ ഇൻഫോസിസ് യെല്ലോ ജേതാക്കളായി.
ടെക്നോപാർക്ക് ജീവനക്കാർക്കായി മുരുകൻ ക്രിക്കറ്റ് ക്ലബ്ബാണ് നാലു മാസം നീണ്ട ടൂർണമെന്റ് സംഘടിപ്പിച്ചത്. ഡോ. എ.പി.ജെ. പാർക്കാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോണ്സർ. വിജയികൾക്കുള്ള സമ്മാനങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും റവന്യൂ സ്പെഷ്യൽ സെക്രട്ടറിയുമായ എം.ജി. രാജമാണിക്കം വിതരണം ചെയ്തു. ടെക്നോപാർക്ക് അഡ്മിനിസ്ട്രേഷൻ മാനേജർ ഡി.എസ്. അഭിലാഷ, ടി.ഡി.സി.എ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
2023 ഡിസംബർ എട്ടിന് ആരംഭിച്ച ടിപിഎൽ 2023 ൽ 156 പുരുഷ ടീമുകളും 21 വനിതാ ടീമുകളും പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളായിട്ടാണ് പുരുഷൻമാരുടെ മത്സരങ്ങൾ നടന്നത്.
അവസാന ഘട്ടമായ ചാന്പ്യൻ റൗണ്ടിൽ ആറു ഗ്രൂപ്പ് ജേതാക്കൾ സൂപ്പർ സിക്സ് ഘട്ടത്തിൽ മത്സരിച്ചു. തുടർന്ന് നാലു ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറി. നാലു മാസങ്ങളിലായി ആകെ 264 മത്സരങ്ങൾ നടന്നു.