വിഴിഞ്ഞത്ത് ഇമിഗ്രേഷൻ വിഭാഗം സ്ഥിരം ഓഫീസ് തുറന്നു
1394714
Thursday, February 22, 2024 5:46 AM IST
വിഴിഞ്ഞം: ക്രൂ ചേഞ്ചിംഗുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ വിഴിഞ്ഞം തുറമുഖ ചരിത്രത്തിൽ ആദ്യമായി ഇമിഗ്രേഷൻ വിഭാഗത്തിന്റെ സ്ഥിരം ഓഫീസ് തുറന്നു. സിഐ റാങ്കിൽപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഇവിടെ ചാർജ് എടുക്കാൻ എത്തിയതായി അറിയുന്നു.
വിഴിഞ്ഞത്തെ ഓഫീസിൽ ഇവർ ഉൾപ്പെടെ അഞ്ചോളം ഉദ്യോഗസ്ഥർ ഉണ്ടാകും. രാവിലെ 9.30 മുതൽ വൈകുന്നേരം ആറുവരെയാണ് ഓഫീസ് സമയമെങ്കിലും ആവശ്യം വന്നാൽ കൂടുതൽ സമയം ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ചുമതല പോർട്ട് അധികൃതർക്കാണ്.
ക്രൂ ചേഞ്ചിംഗിനായി നൂറുകണക്കിനു വിദേശ കപ്പലുകൾ നങ്കൂരമിട്ടപ്പോഴും തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള ഇമിഗ്രേഷൻ വിഭാഗമാണ് വിഴിഞ്ഞത്തെത്തിയിരുന്നത്. ഇത് വിദേശികൾ ഉൾപ്പെടെയുള്ളവരുടെ പരിശോധനയ്ക്കു കാലതാമസം വരുത്തി.
കസ്റ്റംസ്, ഹെൽത്ത് ഓഫീസുകൾ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാൽ വിദേശ കപ്പലുകൾ പൂർണമായി എത്താതെ വന്നതോടെ ഹെൽത്ത് ജീവനക്കാരെ കൊച്ചിയിലേക്കും കസ്റ്റംസ് ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കും താല്കാലികമായി മാറ്റുകയായിരുന്നു. കപ്പലുകൾ വരുന്നതോടെ ഓഫീസുകൾ വീണ്ടും പൂർണതോതിൽ പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ പറയുന്നു.
ഇതിനിടയിൽ നിർത്തലാക്കിയ ക്രൂ ചേഞ്ചിംഗ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റീമർ ഏജൻസി അസോ. ഹൈക്കോടതിയിൽ നൽകിയ കേസ് 28ന് പരിഗണിക്കും. മാരിടൈം ബോർഡ് അധികൃതർ സത്യവാങ്മൂലം നൽകാൻ വരുത്തിയ കാലതാമസമാണ് കേസ് നീണ്ടുപോകുന്നതിനു വഴിതെളിച്ചതെന്നും പറയപ്പെടുന്നു.
ഏറെ സമ്മർദങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചതെന്നും ഏജൻസികൾ പറയുന്നു.