ശക്തമായ മഴയിൽ വെഞ്ഞാറമൂട് മേഖലയിൽ വ്യാപകനാശനഷ്ടം
1339587
Sunday, October 1, 2023 4:46 AM IST
വെഞ്ഞാറമൂട്: തുടർച്ചയായ മഴയിൽ വെഞ്ഞാറമൂട് മേഖലയിൽ വ്യാപകനാശനഷ്ടം. പലയിടത്തും മഴയിൽ വീടുകൾ തകർന്നു. ചിലയിടങ്ങളിൽ മരങ്ങൾ വൈദ്യുത ലൈനിലേയ്ക്ക് വീണ് വൈദ്യുതി വിതരണം നിലയ്ക്കുകയും ഗതാഗത തടസപ്പെടുകയും ചെയ്തു.
എംസി റോഡിൽ കീഴായിക്കോണം ആലന്തറയ്ക്കു സമീപം റോഡിന് കുറുകെ മരം വീണു ഏറെ നേരം ഗതാഗതം തടസപ്പെട്ടു. റോഡ് അരികിൽ നിർത്തിയിട്ടിരുന്ന കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. വെഞ്ഞാറമൂട് മരങ്ങൾ കട പുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗത തടസമുണ്ടായി. വൈദ്യുതി വിതരണവും തടസപ്പെട്ടു. രണ്ട് കാറുകൾക്കും ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.
പാലോടു റോഡിൽ വൈദ്യുതി ലൈനിലേക്ക് വലിയ മരം വീണ് കെവി ലൈൻ കടന്നുപോകുന്ന ഇരുമ്പ് പോസ്റ്റുകൾ ഒടിഞ്ഞുവീണു. രണ്ടു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. അഗ്നിശമന വിഭാഗവും കെഎസ്ഇബി ഉദ്യോഗസ്ഥരുമെത്തിയാണ് തടസങ്ങൾ നീക്കം ചെയ്തത്. കല്ലറ ചെറുവാളം സിന്ധു ഭവനത്തിൽ സിന്ദു രാജു, കല്ലറ മരുതമൺ പുറുത്തി വിള വീട്ടിൽ വത്സല എന്നിവരുടെ വീടുകളിലൽ മരങ്ങൾ കട പുഴകി കേടുപാടുകൾ സംഭവിച്ചു.
ശനിയാഴ്ച ഉച്ചയോടെ പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് സമീപം നിന്നിരുന്ന മരങ്ങൾ കട പുഴകി വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ഇരു വീടുകളുടെയും മേൽക്കൂരകൾക്ക് സാരമായ കേടുപാടുകളുണ്ടായി. വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനയെത്തിയാണ് വീടുകൾക്ക് മുകളിൽ വീണ മരങ്ങൾ മുറിച്ചു മാറ്റിയത്.