ഇത് നിർമിത വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന കാലം: എ.വിജയരാഘവൻ
1336636
Tuesday, September 19, 2023 3:29 AM IST
തിരുവനന്തപുരം: നിർമിത ബുദ്ധിയെ പോലെ നിർമിത വാർത്തകളും സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിതെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. എഡിറ്റർമാരില്ലാത്ത ഒരു മാധ്യമ ലോകത്തിലേക്കാണു കാലം കടന്നുപോകുന്നത്. അപ്പോൾ മാധ്യമപ്രവർത്തകർ ഉണ്ടാകുമോ എന്നതു ചോദ്യമായി അവശേഷിക്കുന്നു. വാർത്തകളിൽ അവഗാഹം കാട്ടുകയും അവ സത്യസന്ധമായി റിപ്പോർട്ടു ചെയ്യുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിലെ നവീകരിച്ച പ്രസ് കോണ്‍ഫറൻസ് ഹാളിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു എ. വിജയരാഘവൻ. യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ, ആസ്റ്റർ ഇന്ത്യ പ്രതിനിധി ഫാത്തിമ യാസിൻ എന്നിവർ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.എൻ. സാനു സ്വാഗതവും പി.ആർ. പ്രവീണ്‍ നന്ദിയും പറഞ്ഞു.