നെടുമങ്ങാട് സത്രംമുക്കിൽ വെള്ളക്കെട്ട് ദുരിതം
1571315
Sunday, June 29, 2025 6:37 AM IST
നെടുമങ്ങാട്: ഏറ്റവും ജനത്തിരക്കേറിയ നെടുമങ്ങാട് ടൗണിലെ സത്രം മൂക്കിലെ വെള്ളക്കെട്ട് പൊതുജനങ്ങൾക്ക് ദുരിതമായി മാറുന്നു. സത്രം ജംഗ്ഷനിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതോടെ റോഡ് ഉയർന്ന് റോഡരികിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ചെറിയ മഴ പെയ്താൽ സത്രം മുക്ക് കുളം ആയി മാറും.
കേരള പുരാവസ്തു വകുപ്പിന്റെ കോയിക്കൽ കൊട്ടാരത്തിലേക്കുള്ള പ്രധാന കവാടത്തിലാണ് വെള്ളക്കെട്ട്. ഇതിനു പുറമേ കോയിക്കൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിത്യേന നൂറുകണക്കിനാളുകൾ ചെളി വെള്ളം ചവിട്ടി കൊണ്ടാണ് ക്ഷേത്ര ദർശനം നടത്തുന്നത്.
സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി ടൂറിസ്റ്റുകൾ നാണയ ശേഖര മ്യൂസിയം കാണാൻ കോയിക്കൽ കൊട്ടാരത്തിൽ വരുന്നതും ഇതുവഴിയാണ്. കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്കും വെള്ളക്കെട്ട് താണ്ടിയാണ് എത്തേണ്ടത്. കെഎസ്ആർടിസി ബസ് നിർത്തുന്ന സ്റ്റോപ്പ് വെള്ളക്കെട്ടിനു സമീപത്താണ്.
ബസിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർ കാലു വയ്ക്കുന്നത് ഇപ്പോൾ വെള്ളത്തിലേക്കാണ്. വെള്ളക്കെട്ട് പരിഹരിക്കാൻ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.