സ്കൂബ ടീമിന്റെ തെരച്ചിലിനെ സഹായിച്ചത് യുവാവ് മൊബൈലില്‍ പകർത്തിയ ചിത്രം
1571314
Sunday, June 29, 2025 6:37 AM IST
പേരൂര്‍ക്കട: വിളപ്പില്‍ശാല സ്വദേശി സുനില്കുമാറിനായുള്ള തിരുവനന്തപുരം സ്കൂബ ടീമിന്റെ തെരച്ചില്‍ എളുപ്പമാക്കിയത് യുവാവ് മൊബൈലില്‍ പകര്ത്തിയചിത്രം.
പേയാട് സ്വദേശിയായ യുവാവാണ് ചിത്രം പകര്‍ത്തിയത്. യാദൃശ്ചികമായി കുലശേഖരം പാലത്തിലൂടെ ഇയാള്‍ പോയപ്പോഴാണ് ആറ്റിലൂടെ ഒരാളുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍തന്നെ മൊബൈലില്‍ ചിത്രം പകര്‍ത്തി വിളപ്പില്‍ശാല പോലീസിന് കൈമാറി. പോലീസ് ഫയര്‍ഫോഴ്സിന് ചിത്രം കൈമാറി.
ദൃശ്യം വ്യക്തമായിരുന്നില്ലെങ്കിലും പാലം കടന്ന് മൃതദേഹം പോയി എന്ന് ഉറപ്പിക്കാനായതും കാവടിത്തലയ്ക്കല്‍ ഭാഗം ഒഴിവാക്കി കുലശേഖരം പാലം മുതല്‍ തിരച്ചില്‍ ആരംഭിച്ചതും യുവാവ് നല്കിയ വിവരത്തിന്റെയും ഫോട്ടോയുടെയും അടിസ്ഥാനത്തിലായിരുന്നു.
പാലത്തിനടുത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെയായി പാറക്കെട്ടില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം സ്കൂബടീം കണ്ടെത്തിയത്. വെള്ളിയാഴ്ച അഞ്ച് മണിക്കൂറും ഇന്നലെ ഒരുമണിക്കൂറുമായിരുന്നു സ്കൂബ ടീമിന്റെ തെരച്ചില്‍.