മരുതൂര്‍ കൊലപാതകം : സഹോദരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പ്രതി
1571302
Sunday, June 29, 2025 6:24 AM IST
പേരൂര്‍ക്കട: മണ്ണന്തല മരുതൂരിലെ ഹോംസ്റ്റേയിലുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ രാവിലെ 11 ഓടുകൂടിയാണ് മരുതൂരിലെ അത്രക്കാട്ടില്‍ എന്‍ക്ലേവില്‍ ഷംഷാദ് ഷഫീഖ്, സുഹൃത്ത് വിശാഖ് എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ഹോംസ്റ്റേയുടെ ഒന്നാംനിലയിലെ മുറിയിലാണ് ഷംഷാദും സഹോദരി ഷഹീനയും താമസിച്ചിരുന്നത്. മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇവര്‍ക്ക് ഇവിടെ മുറി തരപ്പെടുത്തിക്കൊടുത്തത്. ഹോംസ്റ്റേയില്‍ താന്‍ ഉപയോഗിച്ചിരുന്ന ഹാള്‍, ടോയ്ലെറ്റ്, ബെഡ്റൂം, കിച്ചണ്‍ എന്നിവയെല്ലാം പ്രതി പോലീസിന് കാണിച്ചുകൊടുത്തു.
കൊലപാതകത്തില്‍ ഒരാഴ്ച മുമ്പുതന്നെ വിവിധ സമയങ്ങളിലായി സഹോദരിയെ താന്‍ മര്‍ദ്ദിച്ചിരുന്നതായി പ്രതി വെളിപ്പെടുത്തി. മലപ്പുറം സ്വദേശിയായ ഒരാളുമായി മെസേജ് ചെയ്യുന്നതും വീഡിയോകോള്‍ ചെയ്യുന്നതും സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുക്കുന്നത്. ഷഹീനയുടെ ശരീരത്തില്ക്കണ്ട അടയാളങ്ങളെല്ലാം വിവിധ ദിവസങ്ങളിലായി മര്ദ്ദനമേറ്റതുമൂലം ഉണ്ടായതാണ്.
സംഭവദിവസം ഉച്ചയ്ക്ക് ഷഹീനയെ താന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. മരണവെപ്രാളത്തിനിടെയാണ് ഷഹീന കട്ടിലില്‍നിന്നു താഴെ വീണത്. ചെമ്പഴന്തി അണിയൂരിലെ ഒരു വീട്ടില്‍ സഹോദരങ്ങള്‍ വാടകയ്ക്കു താമസിച്ചിരുന്നുവെന്നും അപ്പോള്‍ അമ്മയും ഒപ്പമുണ്ടായിരുന്നുവെന്നും ഷംഷാദ് പറഞ്ഞു. ഇയാള്‍ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് അണിയൂരില്നിന്നു താമസം മാറ്റേണ്ടതായി വന്നത്.
സമീപവാസികളും ബന്ധുക്കളുമൊന്നും വഴക്കുനടക്കുന്നത് അറിയാതിരിക്കാനാണ് മരുതൂരില്‍ വീട് വാടകയ്ക്കെടുത്തത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ട ഷംഷാദിന് അടിപിടിക്കിടെ പല്ല് നഷ്ടമായിട്ടുണ്ടെന്നും പല്ലിന്റെ ചികിത്സയ്ക്കുവേണ്ടിയും കൂടിയാണ് മരുതൂരില്‍ എത്തിയതെന്നും പോലീസ് വെളിപ്പെടുത്തി.
സഹോദരിയെ മർദിക്കുന്ന ദിവസങ്ങളെല്ലാം വീടിന്റെ മുറി പുറത്തുനിന്ന് പൂട്ടിയശേഷമാണ് ഇയാള്‍ പോയിരുന്നത്. വീണ്ടും മദ്യപിച്ചെത്തി ആക്രമിക്കുമായിരുന്നു. ഷഹീന മരിച്ചുവെന്ന് അറിയാമായിരുന്ന ഷംഷാദ് സുഹൃത്തായ വിശാഖിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവുചെയ്യാനായിരുന്നു. എന്നാല്‍ ഷഹീനയുടെ മാതാപിതാക്കള്‍ അവിടെ യാദൃശ്ചികമായി എത്തിയതോടെയാണ് പദ്ധതികള്‍ പൊളിഞ്ഞത്.
പ്രതികള്‍ ഇരുവരും മദ്യലഹരിയിലായിരുന്നതിനാല്‍ പോലീസ് വീട്ടിലെത്തുന്ന നേരം സ്ഥലകാല സന്ദര്‍ഭങ്ങളെക്കുറിച്ച് ഇവര്‍ക്കു നിശ്ചമില്ലായിരുന്നു. താന്‍ സഹോദരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നു സമ്മതിച്ച ഷംഷാദിന്റെ മുഖത്ത് കുറ്റബോധം പ്രകടമായിരുന്നു. ആദ്യദിവസത്തെ തെളിവെടുപ്പിനുശേഷം പ്രതികളെ ദന്തല്‍ ആശുപത്രിയിലെത്തിച്ച് സാമ്പിള്‍ ശേഖരിച്ചു.
ഷഹീനയുടെ ശരീരത്തില്‍ കടിയേറ്റ അടയാളങ്ങള്‍ എങ്ങനെയുണ്ടായി എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രതികളെ ഇനി അണിയൂരിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുക്കുമെന്നു മണ്ണന്തല സിഐ ഡി. ഗോപി പറഞ്ഞു.