കിടപ്പുരോഗികളുടെ പരിചരണത്തിന് പുതിയ യൂണിറ്റ് തയാർ: സി.എസ്.ശ്രീജ
1571320
Sunday, June 29, 2025 6:37 AM IST
നെടുമങ്ങാട് : നഗരസഭയിൽ കിടപ്പുരോഗികളുടെ പരിചരണത്തിന് ഒരു പാലിയേറ്റിവ് യൂണിറ്റ് കൂടി സജ്ജമായതായി നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ പറഞ്ഞു. നിലവിൽ ഒരു യൂണിറ്റാണ് പ്രവർത്തിക്കുന്നത്.
വാർഡുകളുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സന്നദ്ധ പ്രവർത്തകരുടെയും സ്വകാര്യ പാലിയേറ്റീവ് സംഘടനകളുടെയും സഹകരണത്തോടെ പുതുതായി യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനം. മാരക രോഗബാധിതർക്ക് ചികിത്സാധനസഹായം വിതരണം ചെയ്യുന്നുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.അരശുപറമ്പ് കർഷക സഹായി ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷാ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഗ്രന്ഥശാല സെക്രട്ടറി പി.ജി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട്ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രേഖ എം.രവീന്ദ്രൻ ക്ലാസെടുത്തു. വിശ്വ ഹോമിയോസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനകളും മരുന്ന് വിതരണവും നടന്നു.