സുകുമാർ അഴീക്കോട് അവാർഡ് ഡോ. ഷാജി പ്രഭാകരന്
1571664
Monday, June 30, 2025 6:39 AM IST
നേമം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2025- ലെ അവാർഡിന് പ്രമുഖ ന്യൂറോളജിസ്റ്റും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പ്രഫ. ഡോ. ഷാജി പ്രഭാകരൻ അർഹനായി. 50,000 രൂപയും ശില്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.
കവിയും ഐ.ജെ.ടി ഡയറകുമായ ഡോ. ഇന്ദ്ര ബാബു ചെയർമാനും പ്രശസ്ത പ്രമേഹരോഗ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്, പ്രമുഖ ഭൗമശാസ് ത്രജ്ഞൻ ഡോ. ഡി. പദ്മലാൽ എന്നിവർ അംഗങ്ങളും ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ കൺവീനറുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്നു പ്രിൻസിപ്പലായി വിരമിച്ച ഷാജി പ്രഭാകരൻ ആതുര ശുശ്രൂഷാമേഖലയിൽ ഇപ്പോഴും നിറസാന്നിദ്ധ്യമാണ്.
ജീവകാരുണ്യപ്രവർത്തന രംഗത്തും സാംസ്കാരിക രംഗത്തും അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെക്കൂടി പരിഗണിച്ചാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കുന്നതെന്ന് ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ ട്രസ്റ്റ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നേമം മെരിലാന്റ് സ്റ്റുഡിയോയ്ക്ക് എതിർവശം പുതുതായി നിർമിച്ച അഴീക്കോട് സ്മാരക ഹാളിൽ ഓഗസ്റ്റ് രണ്ടാം വാരം നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്നു ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ പറഞ്ഞു.