എംഡിഎംഎയുമായി സിപിഐ നേതാവ് പിടിയിൽ
1571662
Monday, June 30, 2025 6:39 AM IST
തിരുവനന്തപുരം: എംഡിഎംഎയുമായി സിപിഐ നേതാവ് ഉൾപ്പെടെ രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. സിപിഐ പാളയം ലോക്കൽ കമ്മിറ്റി അംഗവും വഴുതക്കാട് സ്വദേശിയുമായ കൃഷ്ണചന്ദ്രൻ, ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും ഒൻപത് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബൈക്കിലെത്തിയ രണ്ടു പേർക്ക് ഇവർ എംഡിഎംഎ കൈമാറുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘമാണ് നഗരത്തിൽ നിന്നും ഇവരെ പിടികൂടിയത്.
ഇവരുടെ ബൈക്കുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. അതേസമയം സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സിപിഐ ബേക്കറി ബ്രാഞ്ച് അംഗമായ കൃഷ്ണചന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി ടി.എസ് ബിനുകുമാർ അറിയിച്ചു.
ഇയാൾക്ക് പാർട്ടിയുമായോ ബഹുജന സംഘടനകളുമായോ ബന്ധപ്പെട്ട നേതൃത്വ ചുമതലകളൊന്നുമില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.