ജലസ്രോതസുകളിൽ ശുചിമുറി മാലിന്യം തള്ളിയവരെ പിടികൂടി
1300186
Sunday, June 4, 2023 11:53 PM IST
പാലോട്: രാത്രിയുടെ മറവിൽ ശു ചിമുറി മാലിന്യം ജനവാസ മേഖലകളിലെ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ തള്ളാൻ ശ്രമിച്ച വരെ പാലോട് പോലീസ് പിടികൂടി.
എറണാകുളം മട്ടാഞ്ചേരി സീലാട്ടു പറമ്പിൽ അഫ്സൽ (38), കൊല്ലം ഏരൂർ പത്തടി വഞ്ചിപ്പടി ഭാരതിപുരം കോടിയിൽ നൗഫൽ (33), കോട്ടയം ചെങ്ങളം കടുക് മുപ്പതിൽ അക്ഷയ് (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൂടാതെ മാലിന്യം കൊണ്ടുവന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. നന്ദിയോട് പഞ്ചായത്തിലെ വഞ്ചുവം, കുറുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി മാലിന്യം തള്ളുന്നുവെന്ന പരാതിയിന്മേൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പാലോട് സിഐ ഷാജിമോന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ. നിസാറുദ്ദീൻ, എ. റഹീം, എ എസ്ഐ ജോയി, സിപിഒമാരായ ദിലീപ് കുമാർ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് ചിപ്പൻചിറ പാലത്തിനു സമീപത്ത് വച്ചു പിടികൂടുകയായിരുന്നു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നിരവധി സ്റ്റേഷനുകളിൽ ഈ വാഹനത്തിനെതിരെ കേസുകൾ നിലവിലുണ്ട്.