സെക്രട്ടേറിയറ്റിനു മുന്നിൽ സ്ത്രീക്കുനേരെ അതിക്രമം: യുവാവ് പിടിയിൽ
1282732
Friday, March 31, 2023 12:10 AM IST
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടാപ്പകൽ സ്ത്രീക്കു നേരെ അതിക്രമം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
സെക്രട്ടേറിയറ്റിന്റെ സമര ഗേറ്റായ നോർത്ത് ഗേറ്റിന് എതിർവശത്തെ ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച തിരിച്ചിറങ്ങവേയായിരുന്നു സംഭവം. കടയ്ക്കകത്തേക്ക് കയറിപ്പോയ ആളാണ് അപമാനിച്ചത്. സെക്രട്ടേറിയറ്റിനു മുൻവശത്ത് വൻ പോലീസ് സന്നാഹമുള്ളപ്പോഴായിരുന്നു സംഭവം.
സ്ത്രീ വിവരമറിയച്ചതിനെ തുടർന്ന് മിനിട്ടുകൾക്കുള്ളിൽ കന്റോ ണ്മെന്റ് പോലീസ് സ്ഥലത്തെത്തി ഹോട്ടലിനുള്ളിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
ശാസ്തമംഗലം ശ്രീനിവാസ് സിഎസ്എം നഗർ 223 ടിസി 15/ 343ൽ ബി.എസ്. സജുമോൻ (39) ആണ് പിടിയിലായത്. ഇയാൾ പലപ്പോഴും സ്ത്രീകളോടു മോശമായി പെരുമാറുന്നതായി പരാതിയുണ്ടെന്നു പോലീസ് പറഞ്ഞു. സെക്രട്ടേറിയറ്റിനുമുന്നിലും ഇടക്കിടക്കു വരാറുണ്ട്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇയാൾ സ്ത്രീയെ മനഃപൂർവം ആക്രമിക്കുകയായിരുന്നുവെന്നു ദൃശ്യങ്ങളിൽനിന്നു പോലീസ് കണ്ടെത്തി.
ആക്രമണം ചോദ്യം ചെയ്ത സ്ത്രീയോട് ഇയാൾ തട്ടിക്കയറി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനുമാണ് സജിമോനെതിരേ കന്റോണ്മെന്റ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.