അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
1280958
Saturday, March 25, 2023 11:15 PM IST
തിരുവനന്തപുരം: മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ്. പാറ്റൂർ മുതൽ അക്രമിക്കപ്പെട്ട സ്ത്രീയെ അക്രമിയെന്നു സംശയിക്കുന്നയാൾ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്ന് പോലീസ് ശേഖരിച്ച ദൃശ്യങ്ങളിൽ ഒരാൾ സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ ആദ്യം തന്നെ ലഭിച്ചിരുന്നു. എന്നാൽ ദൃശ്യത്തിൽ നിന്ന് സ്കൂട്ടറിന്റെ നന്പറോ ആളെയോ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.
ഇതേ തുടർന്നാണ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച ദൃശ്യങ്ങളിലാണ് പ്രതിയുടെ പുതിയ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം. ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചത്.
വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതി പിടിയിലാകും വരെ വിവരങ്ങളൊന്നും പുറത്തുവിടരുതെന്ന കർശന നിർദേശം അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.
കഴിഞ്ഞ 13 നാണ് മരുന്നുവാങ്ങുന്നതിനായി പുറത്തു പോയ വീടിനു സമീപത്തു വച്ച് അജ്ഞാതൻ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പോലീസിന്റെ സഹായം അഭ്യർഥിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്ന് ഇരയായ സ്ത്രീ വ്യക്തമാക്കിയതോടെയാണ് സംഭവം വിവാദമായത്.
സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ കഴിയാത്തത് പോലീസിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.